ഗുരുവായൂരിനെ മെട്രോ നഗരമാക്കാൻ 366.92 കോടിയുടെ ബജറ്റ്
1537003
Thursday, March 27, 2025 6:52 AM IST
ഗുരുവായൂർ: തുടർച്ചയായി രണ്ടാംപ്രാവശ്യവും മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കിയതിന്റെ നിറവിൽ ഗുരുവായൂർ നഗരസഭ ബജറ്റ് അവതരിപ്പിച്ചു.
തന്നത്ഫണ്ട്, പ്ലാൻ ഫണ്ട്, കേന്ദ്രാവിഷ്കൃത പദ്ധതി ഫണ്ട്, കുടുംബശ്രീ ഫണ്ട് എന്നിവ ഉൾപ്പെടുത്തി 366,92,49,764 രൂപ വരവും 362,23,27,500 ചെലവും 4,69,22,264 നീക്കിയിരിപ്പുമുള്ള 2025 - 26 വർഷത്തെ ബജറ്റാണ് നഗരസഭ വൈസ് ചെയർമാൻ എം.പി. അനീഷ്മ അവതരിപ്പിച്ചത്. ഇന്നലെ നടന്ന ബജറ്റ് അവതരണത്തോടെ നഗരസഭ രൂപീകരണത്തിന് ശേഷം തുടർച്ചയായി അഞ്ച് പ്രാവശ്യം ബജറ്റ് അവതരിപ്പിച്ച നഗരസഭ വൈസ് ചെയർമാൻ എന്ന നേട്ടവും എം.പി.അനീഷ്മ സ്വന്തമാക്കി.
വനിത സൗഹൃദ - വയോജന-ഭിന്ന ശേഷി സൗഹൃദ , പദ്ധതികൾക്കും മാലിന്യ സംസ്കരണം, ജലവിതരണം ടൂറിസം പദ്ധതികൾ തുടങ്ങിയവക്ക് പ്രാധാന്യം നൽകിയുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.നഗരസഭ ഓഫീസ് നിർമാണം, മാലിന്യ സംസ്കരണം, ദ്രവമാലിന്യ സംസ്കരണം, ജലവിതരണം എന്നിവക്ക് കോടികളാണ് വകയിരുത്തിയിട്ടുള്ളത്. നഗരസഭയുടെ പ്രധാന കേന്ദ്രങ്ങളായ പടിഞ്ഞാറെ നടയിൽ മാർക്കറ്റ് കോംപ്ലക്സ്- 10 കോടി, മമ്മിയൂരിൽ ഫ്ലൈ ഓവറിന് 50 കോടി, പടിഞ്ഞാറെ നടയിലെ ഗസ്റ്റ്ഹൗസ് പൊളിച്ച് മൾട്ടിസെൻറർ കോംപ്ലക്സ് 50 കോടി, അലോപ്പതി ആശുപത്രിക്ക് 50 കോടി, നഗരസഭ ഓഫീസ് നിർമാണം 50 കോടി, അമ്പാടി ലോഡ്ജ് അഞ്ച് കോടി എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്.
25 റോഡുകൾ മാതൃകാ റോഡുകളാക്കി നവീകരിക്കും. മാലിന്യ സംസ്കരണത്തിന് ആർഡിഎഫ് പ്ലാന്റ്, സിബിജി പ്ലാന്റ് ദ്രവസംസ്കരണ പ്ലാന്റ് എന്നിവ സ്ഥാപിക്കും.
ഐടിപാർക്ക്, നഗരസഭ ചെയർമാന്റെ കനിവ് സ്പർശം സഹായതുക 10,000 ആയി വർധിപ്പിച്ചു. റോഡ് വികസനം, പട്ടിക ജാതി വികസനം ,അയ്യങ്കാളി തൊഴിലുറപ്പ്, ടൂറിസം, ജനസംസ്കൃതി, കാർബൺ വിമുക്ത ഗുരുവായൂർ, ജല പുർജനി, തീർഥാടകർക്ക് സൗകര്യം ഒരുക്കൽ തുടങ്ങിയ പദ്ധതികൾക്കും തുക വകയിരുത്തിയ ബജറ്റാണ് അവതരിപ്പിച്ചത്.
ബജറ്റവതരണ യോഗത്തിൽ നഗരസഭ ചെയർമാൻ എം.കൃഷ്ണണദാസ് അധ്യക്ഷത വഹിച്ചു. ബജറ്റുമായി ബന്ധപെട്ട ചർച്ച നാളെ രാവിലെ നടക്കും.