വീട്, വെള്ളം, വികസനം... അവസാന ബജറ്റിൽ വാഗ്ദാനപ്പെരുമഴ
1537024
Thursday, March 27, 2025 7:03 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കോർപറേഷൻ സിൽവർ ജൂബിലിയോടനുബന്ധിച്ച് വൻ പ്രഖ്യാപനങ്ങളുമായി കോർപറേഷൻ ബജറ്റ്. കോർപറേഷൻ പരിധിയിൽ ഭൂമിയില്ലാത്തവർക്കു ഭൂമിയും രണ്ടുസെന്റ് സ്ഥലമുള്ളവർക്കു വീടു നിർമിക്കാനുമായി 25 കോടി നീക്കിവയ്ക്കുമെന്നു ഡെപ്യൂട്ടി മേയർ എം.എൽ. റോസി അവതരിപ്പിച്ച ബജറ്റിൽ പറയുന്നു.
നികുതിയിളവുകൾ, വാടക ഒഴിവാക്കൽ, വെള്ളക്കരം സബ്സിഡി, നിർധനരായ നൂറു പ്രഫഷണൽ വിദ്യാർഥികൾക്കായി രണ്ടുകോടി, സൗജന്യ ഡയാലിസിസ് അടക്കം പദ്ധതികളും പ്രഖ്യാപിച്ചു. ഭൂമി വാങ്ങാൻ 10 കോടി, ഫ്ളാറ്റ് നിർമാണത്തിന് അഞ്ചു കോടി, വീടുനിർമാണത്തിനു 10 കോടി എന്നിങ്ങനെയാണു നീക്കിവച്ചത്. കോർപറേഷൻ കെട്ടിടങ്ങൾ വാടകയ്ക്കെടുത്ത 2400 പേരുടെ ആറുമാസത്തെ വാടക ഒഴിവാക്കും. തൃശൂർ പൂരത്തിന് ഒരു കോടിയും പുലിക്കളിക്ക് 50 ലക്ഷവും നൽകും. കുമ്മാട്ടിക്കളിയടക്കം ഓണാഘോഷത്തിന് 25 ലക്ഷം നൽകും. കുടിവെള്ളപദ്ധതികൾക്കായി 150 കോടിയും സീറോ വേസ്റ്റ് കോർപറേഷന് 100 കോടിയും മാറ്റിവച്ചു. എല്ലാ വീടുകളിലേക്കും സൗജന്യ ബയോബിൻ നൽകാൻ 13 കോടി ഉപയോഗിക്കും.
500 പെണ്‍കുട്ടികളുടെ വിവാഹ ധനസഹായത്തിന് അഞ്ചുകോടി, പതിനായിരം സൗജന്യ കുടിവെള്ള കണക്ഷനു 19 കോടി, റോഡുകൾ, പാലങ്ങൾ എന്നിവയ്ക്കായി ഓരോ ഡിവിഷനിലും 75 ലക്ഷം, പ്രധാന റോഡുകൾ ബിഎംബിസി നിലവാരത്തിൽ നിർമിക്കാൻ 20 കോടി, ഇക്കോ ടൂറിസത്തിന് അഞ്ചുകോടി, ലൈറ്റ് ഫോർ ലൈഫിനു 10 കോടി, ടാഗോർ സെന്റിനറി ഹാളിനു 10 കോടി, ചെന്പുക്കാവ് ഷോപ്പിംഗ് കോംപ്ലക്സിന് 50 ലക്ഷം, ഒല്ലൂർ സെന്റർ വികസനം -കച്ചവടക്കാരുടെ പുനരധിവാസം എന്നിവയ്ക്കു 10 കോടിയും കാർഷികമേഖലയ്ക്ക് 20.5 കോടിയും നീക്കിവച്ചു.
1215,70,17,000 രൂപ വരവും 1197,10,76,000 രൂപ ചെലവും 18,59,41,000 രൂപ നീക്കിയിരിപ്പും ഉദ്ദേശിക്കുന്ന ഈ ഭരണകാലയളവിലെ അവസാന ബജറ്റാണ് എം.എൽ. റോസി അവതരിപ്പിച്ചത്. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. ബജറ്റ് ചർച്ച വ്യാഴാഴ്ച നടക്കും.
കുരുക്ക് ഒഴിവാക്കാൻ മോണോ റെയിൽ
തൃശൂർ: ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മോണോ റെയിൽ പദ്ധതിയെക്കുറിച്ചു പഠിക്കും. റെയിൽവേ സ്റ്റേഷനിൽനിന്ന് കൊക്കാലെ, ശക്തൻനഗർ, മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമനഗർ, കിഴക്കേകോട്ട, വടക്കേ സ്റ്റാൻഡ്, പാട്ടുരായ്ക്കൽ, പൂങ്കുന്നം, പടിഞ്ഞാറേകോട്ട, റെയിൽവേ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിക്കും. 4000 കോടിയുടെ പദ്ധതി മിനിസ്ട്രി ഓഫ് ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സിനു നൽകി.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രാഥമിക അംഗീകാരം ലഭിച്ചാൽ തുടർസാധ്യതാപഠനത്തിന് രണ്ടു കോടി മാറ്റിവച്ചു. എയർപോർട്ടുകളിലുള്ള വോക്കലേറ്റർ/ട്രാവലേറ്റർ മാതൃകയിൽ റെയിൽവേ സ്റ്റേഷൻ-കെഎസ്ആർടിസി- ശക്തൻ സ്റ്റാൻഡ് വരെ എലവേറ്റഡ് വോക്കലേറ്റർ നിർമിക്കാനുള്ള പഠനത്തിനു 15 കോടി മാറ്റിവയ്ക്കും. കേടുവന്ന റോഡുകൾ അപ്പോൾതന്നെ നന്നാക്കാൻ പാച്ചിംഗ് മെഷീൻ വാങ്ങാൻ മൂന്നുകോടിയും ടാർ ഉൾപ്പെടെയുള്ള വാങ്ങാൻ ഏഴുകോടിയും മാറ്റിവച്ചു.
ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ പ്രതിഷേധം
തൃശൂർ: കോർപറേഷൻ ബജറ്റ് അവതരണത്തിനിടെ കൗണ്‍സിലിൽ പ്രതിപക്ഷ പ്രതിഷേധം. നികുതിവേട്ട അവസാനിപ്പിക്കണമെന്നും ആശമാർക്കു നാലായിരം രൂപ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് രാപ്പകൽസമരം പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് രാജൻ പല്ലൻ.
ബജറ്റ് പുസ്തകം കീറിയെറിഞ്ഞ പ്രതിപക്ഷം, പ്ലക്കാർഡുകളുമായി നടുത്തളത്തിൽ കുത്തിയിരുന്നു. കോർപറേഷൻ അധികാരികൾ റവന്യൂ റിക്കവറി ഭീഷണി മുഴക്കുന്നുവെന്നും മൂന്നുവർഷത്തിനു മുകളിൽ പിരിച്ച തുക മടക്കിനൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇന്നു രാവിലെ എട്ടുവരെ സമരം തുടരുമെന്നു രാജൻ ജെ. പല്ലൻ പറഞ്ഞു. എന്നാൽ, ബജറ്റ് കൊഴുപ്പിക്കാൻ ഭരണപക്ഷ അംഗങ്ങൾ ഓരോ പ്രഖ്യാപനങ്ങൾക്കുമൊപ്പം ഗഞ്ചിറയിലടക്കം താളമിട്ടു.
വികസനനേട്ടങ്ങൾ അംഗീകരിക്കാൻ കോണ്‍ഗ്രസിനു മടി: മേയർ
തൃശൂർ: കഴിഞ്ഞ നാലു വർഷങ്ങളിൽ അവതരിപ്പിച്ച് ബജറ്റിലെ വികസനങ്ങൾ 80 ശതമാനം പൂർത്തീകരിച്ചെന്നും ബാക്കിയുള്ളവ നിർമാണപുരോഗതിയിലാണെന്നും മേയർ എം.കെ. വർഗീസ്. എന്നാൽ ജനങ്ങളുടെ മുന്പിൽ ഇടതുപക്ഷ കൗണ്‍സിലിന്റെ വികസനപ്രവർത്തനങ്ങളെ അംഗീകരിക്കാൻ കഴിയാത്തതിനാലാണ് ബജറ്റ് അവതരണത്തിൽ കോണ്‍ഗ്രസ് കൗണ്‍സിലർമാർ കൗണ്‍സിൽ ഹാളിന്റെ നടുത്തളത്തിൽ ഇരുന്ന് വികസനവിരുദ്ധ പ്രതീകാത്മകസമരം നടത്തിയത്. ഇതു തികച്ചും ജനദ്രോഹപരവും കോർപറേഷൻ ജനതയുടെ വികസനത്തിനെതിരേയുള്ള വെല്ലുവിളിയുമാണ്.
അടുത്ത വർഷത്തേക്കുള്ള പ്രായോഗികപ്രവൃത്തികളാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാട് സ്വീകരിച്ചുകൊണ്ടിരിക്കുന്ന ചില കോണ്‍ഗ്രസ് കൗണ്‍സിലർമാരെ ജനങ്ങൾ തിരിച്ചറിയണമെന്നും മേയർ ആവശ്യപ്പെട്ടു.
ബഡായിപറയൽ മാത്രം: വിനോദ് പൊള്ളാഞ്ചേരി
തൃശൂർ: കഴിഞ്ഞ കുറെ വർഷങ്ങളായി സ്ഥിരമായി എഴുതിച്ചേർക്കുന്ന പദ്ധതികളുടെ തനിയാവർത്തനവും ജനങ്ങളെ കബളിപ്പിക്കാൻവേണ്ടിയുള്ള ബഡായി പറയലുംമാത്രമാണ് കോർപറേഷൻ ബജറ്റെന്ന് ബിജെപി പാർലമെന്ററി ലീഡർ വിനോദ് പൊള്ളഞ്ചേരി ആരോപിച്ചു.
നികുതി അഡ്വാൻസായി അടയ്ക്കുന്നവർക്ക് അഞ്ചുശതമാനം സബ്സിഡി എന്നത് നികുതിക്കൊള്ളയിൽ പൊറുതിമുട്ടിയ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. ശക്തനിലെ സിഎൻജി പ്ലാന്റും എംജി റോഡ് വികസനവും പത്തും പതിനഞ്ചും വർഷമായി സ്ഥിരം എഴുതിക്കൊണ്ടിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് ജനദ്രോഹപരവും വഞ്ചനയുമെന്ന് ബിജെപി
തൃശൂർ: കോർപറേഷൻ ബജറ്റ് ജനദ്രോഹപരവും വഞ്ചന നിറഞ്ഞതുമാണെന്ന് ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്. നികുതികൾ എല്ലാം ക്രമാതീതമായി വർധിപ്പിച്ചു. നിയമലംഘനത്തിലൂടെ മൂന്നുവർഷത്തിൽ കൂടുതലുള്ള നികുതി പിരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കി. ഒരു രേഖയും മറ്റുമില്ലാതെയാണ് തോന്നുംപടി എല്ലാവിധ നികുതികളും പിരിക്കുന്നത്.
കഴിഞ്ഞവർഷം ബജറ്റിൽ അവതരിപ്പിച്ച വികസനപ്രവർത്തനങ്ങൾ ഒന്നും തന്നെ നടപ്പായില്ല. കേന്ദ്രസർക്കാറിന്റെ അമൃത് പദ്ധതികളുടെ ഫണ്ടുവരെ ലാപ്സായി. നിലവിൽ കോർപറേഷന്റെ വികസന ഫണ്ടിൽ 90 ശതമാനവും കേന്ദ്ര പദ്ധതികളാണ്. അവയൊന്നും സമയ ബന്ധിതമായി തുടങ്ങാനോ പൂർത്തിയാക്കാനോ കോർപറേഷന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.