വീട്ടമ്മയെ ആക്രമിച്ച പ്രതിക്ക് രണ്ടുവർഷം നല്ലനടപ്പ്
1536993
Thursday, March 27, 2025 6:52 AM IST
ചാവക്കാട്: വീട്ടുമുറ്റത്തേയ്ക്ക് അതിക്രമിച്ചു കയറി അയൽവാസിയായ സ്ത്രീയെ കൈക്കോട്ട്കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് രണ്ടുവർഷം നല്ലനടപ്പ് ശിക്ഷ. വെങ്കിടങ്ങ് കണ്ണംകുളങ്ങര മദർ കോളനി പൊറ്റവളപ്പിൽ ഹസനെ (60)യാണ് ചാവക്കാട് അസിസ്റ്റന്റ്് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ശിക്ഷിച്ചത്.
2020 ജൂൺ അഞ്ചിന് വൈകീട്ട് ഇടക്കാട്ടുതറ അബ്ദുൾ കരീം ഭാര്യ സുലേഖയെ മുൻവിരോധത്തിൽ ഭീഷണിപ്പെടുത്തി ചീത്തവിളിച്ച് കൈക്കോട്ടുകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ. തടയാൻചെന്ന ഭർത്താവിനെ ഉപദ്രവിക്കുകയും ചെയ്തു. സുലേഖ കുറെ കാലം ചികിത്സയിലായിരുന്നു. പാവറട്ടി പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
നല്ല നടപ്പിന് ശിക്ഷിച്ചതിനെ തുടർന്ന് പ്രതിയായ ഹസൻ ഇനിയുള്ള രണ്ടു വർഷക്കാലം മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ, ലഹരി വസ്തുക്കൾ ഉപയോഗിക്കുകയോ മറ്റും ചെയ്താൽ കൂടുതൽ ശിക്ഷാനടപടികൾ ഉണ്ടാകും.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ.രജിത് കുമാർ ഹാജരായി.