പുതുതായി നിർമിച്ച കാനയുടെ സ്ലാബ് തകർന്നു; പ്രതിഷേധം ശക്തം
1537004
Thursday, March 27, 2025 6:52 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊരട്ടി, മുരിങ്ങൂർ, ചിറങ്ങര ഭാഗങ്ങളിൽ നടക്കുന്ന നിർമാണപ്രവൃത്തികളിലെ അപാകതകൾക്കെതിരെ ജനരോഷം ശക്തമാവുകയാണ്.
കൊരട്ടി റെയിൽവേ മേൽപ്പാലത്തിൽനിന്നും ഇറങ്ങി ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടയിൽ പുതുതായി നിർമിച്ച കാനയുടെ സ്ലാബ് തകർന്നു. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് ഭാരവണ്ടി കയറിയിറങ്ങിയതിനെ തുടർന്ന് സ്ലാബ് ഇടിഞ്ഞു പോയത്. കോൺക്രീറ്റ് തരിതരിയായി പൊടിഞ്ഞു പോയി.
പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികളും തടിച്ചുകൂടിയ നാട്ടുകാരും ചേർന്ന് പ്രതിഷേധിച്ചതിനൊപ്പം അപകടങ്ങൾ സംഭവിക്കാതിരിക്കാൻ സുരക്ഷാ റിബൺ കെട്ടി തിരിച്ചു. ഇക്കഴിഞ്ഞ 10നാണ് ഗതാഗതം ഒരു വരിയിലൂടെ തിരിച്ചുവിട്ട് ദേശീയപാതയിൽനിന്നും റെയിൽവേ മേൽപ്പാലത്തിനു മുകളിലേക്കുള്ള റോഡിനു കുറുകെ കാന നിർമാണം ആരംഭിച്ചത്.
ഇന്നലെ രാവിലെ വീണ്ടും നിർമാണം പുനരാരഭിക്കാനുള്ള ശ്രമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, ബിജെപി മുൻ മണ്ഡലം പ്രസിഡന്റ്് സജീവ് പള്ളത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ തടഞ്ഞു. ബിജെപി മുൻ മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്, കേരള കോൺഗ്രസ് - എം മണ്ഡലം പ്രസിഡന്റ്് പി.ബി. രാജു, ന്യൂനപക്ഷ മോർച്ച മുൻ സംസ്ഥാന സെക്രട്ടറി ഡെന്നി വെളിയത്ത് എന്നിവർ പ്രതിഷേധിച്ചു.