അർണോസ് പാതിരി ദൈവദൂതനു സമം: മന്ത്രി കെ. രാജൻ
1536239
Tuesday, March 25, 2025 6:36 AM IST
തൃശൂർ: സംസ്കൃതഭാഷയും രാമായണവും മഹാഭാരതവും പുരാണഇതിഹാസങ്ങളും ലോകജനതയെ ആദ്യമായി പരിചയപ്പെടുത്തുവാൻ ഭൂമിയിൽ പിറന്ന ഒരു ദൈവദൂതനായിരുന്നു മഹാനായ അർണോസ് പാതിരി എന്നു മന്ത്രി അഡ്വ. കെ. രാജൻ. അർണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിന്റെ 325-ാം വാർഷികവും 293ാം ചരമവാർഷികാചരണപരിപാടികളും സെന്റ് തോമസ് കോളജിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് അനുഗ്രഹപ്രഭാഷണം നടത്തി. പ്രബുദ്ധകേരളം മാസിക എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ സന്ദേശം നൽകി. എഴുത്തച്ഛൻ പഠനകേന്ദ്രം ഡയറക്ടർ ഡോ. കെ.എം. അനിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. കുര്യാസ് കുന്പളക്കുഴി വിശിഷ്ടാതിഥിയായിരുന്നു.
കലൈ കാവേരി അവാർഡ് നേടിയ കർണാടകസംഗീത വിദ്വാൻ റവ.ഡോ. പോൾ പൂവത്തിങ്കലിനെ റവന്യു മന്ത്രിയും ആർച്ച്ബിഷപ്പും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.
അർണോസ് അക്കാദമി ഡയറക്ടർ ഡോ. ജോർജ് തേനാടിക്കുളം, ഡോ. ജോർജ് അലക്സ്, ഫാ. മാർട്ടിൻ കൊളന്പ്രത്ത്, പ്രഫ. ജോണ് തോമസ്, അഗസ്റ്റിൻ കുട്ടനെല്ലൂർ എന്നിവർ പ്രസംഗിച്ചു.
അർണോസ് പാതിരി അക്കാദമി കലാലയ വിദ്യാർഥികൾക്കു നടത്തിയ അർണോസ് പ്രബന്ധമത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്കും പുത്തൻപാന ആലാപനമത്സര വിജയികൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.