തദ്ദേശസ്ഥാപനങ്ങൾ വികസന മുരടിപ്പിൽ: കോണ്ഗ്രസ്
1537023
Thursday, March 27, 2025 7:03 AM IST
തൃശൂർ: കഴിഞ്ഞ ഒൻപതുവർഷമായി പദ്ധതിവിഹിതം കൃത്യമായ കാലയളവിൽ നൽകാത്തതിനാൽ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വികസനം മുരടിച്ചിരിക്കയാണെന്നു കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്.
കഴിഞ്ഞ വർഷങ്ങളിലേതുപോലെ ഈ വർഷവും മൂന്നു ഗഡുക്കളായി പദ്ധതിവിഹിതം അനുവദിച്ചുവെങ്കിലും പഞ്ചായത്തുകൾക്കു പ്രവൃത്തികളുടെ ബില്ലുകൾ ട്രഷറികളിൽ എത്തിക്കുന്ന മാർച്ച് പകുതിക്കുശേഷം അപ്രഖ്യാപിത ട്രഷറിനിയന്ത്രണം ഏർപ്പെടുത്തി. ബില്ലുകൾ മാറിക്കൊടുക്കാമെന്ന ഉറപ്പുപാലിക്കാതെ 24 നു വൈകീട്ടോടെതന്നെ ട്രഷറിനിയന്ത്രണം നടപ്പാക്കിയിരിക്കുകയുമാണ്.
കഴിഞ്ഞ വർഷം അനുവദിച്ച പദ്ധതിവിഹിതം ഈ വർഷം ആദ്യംതന്നെ വെട്ടിക്കുറച്ചിരുന്നു. ഈ വർഷത്തെ ബില്ലുകൾ മാറാൻ കഴിയാതിരുന്നാൽ അടുത്ത സാന്പത്തികവർഷം അനുവദിച്ച വിഹിതത്തിൽനിന്നും തുക വിനിയോഗിക്കേണ്ടിവരും. ഫലത്തിൽ രണ്ടുവർഷത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വികസനം മുടങ്ങും. ഒരു ഭാഗത്തു ധൂർത്തും സ്വജനപക്ഷപാതവും നടത്തുന്ന സർക്കാർ പ്രാദേശികവികസനം അട്ടിമറിക്കുകയാണെന്നും രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.