കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതികൾ പോലീസിനെ വെട്ടിച്ചുകടന്നു
1536524
Wednesday, March 26, 2025 1:56 AM IST
വടക്കാഞ്ചേരി: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതികൾ പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു.
മണിക്കൂറുകൾക്കകം ഒരാളെ പോലീസ് പിടികൂടി. കുമ്പളങ്ങാട് അകംപാടം പ്രദേശത്തുനിന്നാണ് കൊല്ലം കോട്ടപ്പുറം സ്വദേശി രാഹുൽരാജിനെ ഇന്നലെ വൈകീട്ട് 6.30ഓടെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്. രാഹുൽരാജിന്റെ കൂട്ടാളിയായ വടിവാൾ വിനീതിനുവേണ്ടിയുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി. തിരുവനന്തപുരംമുതൽ മലപ്പുറംവരെയുള്ള ജില്ലകളിൽ അറുപതിലേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടികിട്ടാനുള്ള ആലപ്പുഴ എടത്വ കരുവാറ്റ പുത്തൻപുരയ്ക്കൽ നഗറിൽ വടിവാൾ വിനീത്(25). ആലപ്പുഴ സബ്ജയിലിൽനിന്നും വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവരുന്നതിനിടെ ഇന്നലെ രാവിലെ 11.40-ന് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽവച്ച് എസ്കോർട്ട് വന്നിരുന്ന പോലീസുകാരെ വെട്ടിച്ചാണ് ചാടിപ്പോയത്.
വേണാട് എക്സ്പ്രസിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. ട്രെയിനിൽനിന്ന് ഇറങ്ങുന്ന സമയത്തു പ്രതികളുടെ വിലങ്ങ് അഴിച്ച് രാഹുലിന്റെ കൈയിൽ മാത്രമായി ഇട്ടിരുന്നു. പിന്നാലെ ഇവർ ട്രെയിന്റെ എതിർദിശയിലുള്ള വാതിലിലൂടെ ട്രാക്കിലേക്കു ചാടി ഓടുകയായിരുന്നു.
വിനീത് കറുപ്പ് ടീഷർട്ടും പാന്റ്സുമാണ് ധരിച്ചിരിക്കുന്നത്. മുന്പും രണ്ടുതവണ പ്രതികൾ പോലീസ് കസ്റ്റഡിയിൽനിന്നും കടന്നുകളഞ്ഞിട്ടുണ്ട്. വടക്കാഞ്ചേരി സിഐ റിജിൻ എം. തോമസിന്റെ നേതൃത്വത്തിൽ വലിയ പോലീസ് സന്നാഹം ചരൽപ്പറമ്പ് കേന്ദ്രീകരിച്ച് കുന്നിൽ അന്വേഷണം നടത്തുന്നുണ്ട്. ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നിരീക്ഷണത്തിനായി പോലീസ് കൊണ്ടുവന്നിട്ടുണ്ട്.