കെഎഫ്ആർഐയുടെ പൈപ്പ് ലൈൻ തകർന്നു ; പുതിയ റോഡ് വെട്ടിപ്പൊളിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു
1537002
Thursday, March 27, 2025 6:52 AM IST
കണ്ണാറ: മലയോര ഹൈവേയിൽ കണ്ണാറ സെന്ററിൽ കെഎഫ്ആർഐയുടെ പമ്പിംഗ്് പൈപ്പ്ലൈൻ തകർന്നു. ഇതോടെ അറ്റകുറ്റ പ്പണികൾക്കായി പുതിയ റോഡ് വെട്ടിപ്പൊളിക്കാനുള്ള കെഎഫ്ആർഐ ജീവനക്കാരുടെ ശ്രമം നാട്ടുകാർ തടഞ്ഞു.
മലയോരഹൈവേയുടെ ഉദ്ഘാടനത്തിനുമുൻപുതന്നെ പ്രദേശത്ത് പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. കണ്ണാറ പുഴയോരത്തുള്ള പമ്പ് ഹൗസിൽ നിന്നും കെഎഫ്ആർഐയുടെ വാട്ടർ ടാങ്കിലേക്കുള്ള പമ്പിംഗ് പൈപ്പ്ലൈനാണ് തകർന്നത്. എന്നാൽ വേണ്ട നടപടികൾ സ്വീകരിക്കാൻ കെഎഫ്ആർഐ അധികൃതർ തയാറായിരുന്നില്ല.
ഇന്നലെ രാവിലെയാണ് കെഎഫ്ആർഐ ജീവനക്കാർ എത്തി പുതിയ റോഡ് വെട്ടിപ്പൊളിക്കാൻ തുടങ്ങിയത്. ഇതോടെ പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചേർന്ന് പണികൾ തടയുകയായിരുന്നു. റോഡ് വെട്ടിപ്പൊളിക്കുന്ന ഭാഗം റീട്ടാറിംഗ് നടത്താൻ സാധിക്കില്ലെന്നും കോൺക്രീറ്റ് ഇട്ട് നിരപ്പാക്കാം എന്നുമാണ് ജീവനക്കാർ അറിയിച്ചത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ മാത്രമായ പുതിയ റോഡ് വെട്ടിപ്പൊളിക്കാൻ അനുവദിക്കില്ലെന്നും പകരം മറ്റു സംവിധാനങ്ങൾ നടപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുകയായിരുന്നു.