അടിപിടിക്കെതിരേ കനത്ത ജാഗ്രത
1536240
Tuesday, March 25, 2025 6:36 AM IST
തൃശൂർ: എസ്എസ്എൽസി പരീക്ഷയോടനുബന്ധിച്ച് ജില്ലയിൽ പ്രശ്നസാധ്യതയുള്ള അഞ്ചു സ്കൂളുകളെ പ്രത്യേകം നിരീക്ഷിക്കുമെന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസർ. പരീക്ഷ നാളെ അവസാനിക്കാനിരിക്കേ കർശനനിയന്ത്രണങ്ങളുണ്ടാകും.
കുട്ടികളുടെ ആഹ്ലാദപ്രകടനങ്ങൾ അതിരുവിടാതിരിക്കാൻ നടപടിയെടുക്കും. കോർപറേഷൻ പരിധിയിൽ ചില സ്കൂളുകളിൽ കുട്ടികൾ തമ്മിൽ അടിപിടിയും അനിഷ്ടസംഭവങ്ങളും വർധിച്ച സാഹചര്യത്തിൽ അതീവജാഗ്രത പുലർത്തണമെന്നു പ്രിൻസിപ്പൽമാർക്കും പ്രധാനാധ്യാപകർക്കും നിർദേശം നൽകി. പ്രശ്നസാധ്യതയുണ്ടെന്നു കണ്ടെത്തിയ സ്കൂളുകൾക്കു മുന്നിൽ പോലീസ് നിരീക്ഷണമുണ്ടാകും. മുൻവർഷങ്ങളിൽ പല സ്കൂളുകളിലും ഫർണിച്ചർ, ഫാൻ തുടങ്ങിയവ നശിപ്പിക്കുക, പടക്കം പൊട്ടിക്കുക, തല്ലുണ്ടാക്കുക, വാഹനങ്ങൾക്കു കേടുപാടുകൾ ഉണ്ടാക്കുക തുടങ്ങിയ പ്രവണതകളുണ്ടായി. ഇത്തരക്കാർക്കെതിരേ കർശനനടപടിയുണ്ടാകും.
പരീക്ഷ അവസാനിക്കുന്ന സമയത്തു സ്കൂളുകളിലെത്താൻ എല്ലാ സ്കൂളുകളിലെയും പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും നിർദേശം നൽകി. അമിത ആഹ്ലാദപ്രകടനങ്ങൾ നടത്തി സ്കൂൾസാമഗ്രികൾ നശിപ്പിച്ചാൽ, ചെലവു മുഴുവൻ രക്ഷിതാവിൽനിന്ന് ഈടാക്കിശേഷമേ വിടുതൽസർട്ടിഫിക്കറ്റ് നൽകൂവെന്നും ഡിഇഒ അറിയിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുളള മൂന്നു പ്രത്യേക സ്ക്വാഡുകൾ ജില്ലയിൽ ഉടനീളം പരിശോധന നടത്തുന്നുണ്ട്.
ഇതുവരെ പരീക്ഷകളിൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞവർഷം പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർമാരായ ചില അധ്യാപകരിൽനിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതിനെതുടർന്ന് അച്ചടക്കനടപടിയെടുത്തിരുന്നു. ഈ വർഷം മൊബൈൽ ഫോണിന്റെ കാര്യത്തിൽ അധ്യാപകർ ജാഗ്രത പുലർത്തിയതായി ഡിഇഒ വിലയിരുത്തി.