അമലയിൽ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് ലാബ് തുറന്നു
1536243
Tuesday, March 25, 2025 6:36 AM IST
തൃശൂർ: അമല മെഡിക്കൽ കോളജ് ബ്ലഡ് സെന്ററിൽ പുതിയതായി ആരംഭിച്ച ന്യൂക്ലിക് ആസിഡ് ടെസ്റ്റ് ലാബിന്റെയും നാറ്റ്കോണ് തുടർവിദ്യാഭ്യാസപരിപാടിയുടെയും ഉദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു.
അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സണ് മുണ്ടൻമാണി, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, ബ്ലഡ് സെന്റർ മേധാവി ഡോ. വിനു വിപിൻ. ജൂബിലി മിഷൻ ലാബ് ഡയറക്ടർ ഡോ.സുശീല ജേക്കബ് എന്നിവർ പ്രസംഗിച്ചു. രോഗികൾക്കു നൽകുന്ന രക്തം സുരക്ഷിതമാക്കാൻ ലോകത്തു നിലവിലുള്ള പ്രധാനപ്പെട്ട പരിശോധനയാണ് ന്യൂക്ലിക് ആസിഡ് ടെസ്റ്റ്. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ്-ബി, സി എന്നിങ്ങനെ മാരകരോഗങ്ങളുടെ സാന്നിധ്യം കുറഞ്ഞ കാലയളവിൽ കണ്ടെത്താൻ കഴിയും.
എംവിആർ കാൻസർ സെന്ററിലെ ഡോ. നിറ്റിൻ ഹെൻട്രി, അമൃത മെഡിക്കൽ കോളജിൽനിന്നും ഡോ. ലിൻഡ ജോണ്, റോഷ് ഡയഗ്നോസ്റ്റിക് ഇന്ത്യയിലെ ഡോ. ദീപേഷ് കുമാർ ത്രിവേദി, അമല മെഡിക്കൽ കോളജിലെ തബിദ മറിയം സാബു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
175 പേർ നാറ്റ്കോണ് തുടർവിദ്യാഭ്യാസപരിപാടിയിൽ പങ്കെടുത്തു. കേരളത്തിലെ മെഡിക്കൽ കോളജുകളിൽ എൻഎബിഎച്ച് അംഗീകാരമുള്ള ആദ്യ ബ്ലഡ് സെന്ററും ന്യൂക്ലിക് ആസിഡ് ടെസ്റ്റിനു സൗകര്യമുള്ള ഒന്പതാമത്തെ സ്ഥാപനവുമാണ് അമല. ശരാശരി ആയിരം രോഗികൾക്ക് എല്ലാ മാസവും അമല ബ്ലഡ് സെന്ററിൽനിന്നു രക്തം നൽകുന്നുണ്ട്. 3600 ജീവനക്കാരെയും ഉൾപ്പെടുത്തി രോഗികൾക്കു രക്തംലഭ്യമാക്കുന്ന പദ്ധതിക്കും അമല നേതൃത്വം നൽകുന്നു.