കൂട്ടുകാരുടെ സ്നേഹത്തണലിൽ നിന്ന് സജ്ന വിടവാങ്ങി
1536426
Tuesday, March 25, 2025 11:03 PM IST
ഗുരുവായൂർ: സ്വന്തമായി വീടെന്ന സ്വപ്നം നിറവേറ്റി നൽകിയ കൂട്ടുകാരുടെ സ്നേഹത്തണലിൽ നിന്ന് സജ്ന യാത്രയായി. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന പുത്തമ്പല്ലി പണിക്കവീട്ടിൽ ജമീലയുടെ മകൾ സജ്ന(46) ആണ് കഴിഞ്ഞദിവസം മരിച്ചത്. സംസ്കാരം നടത്തി.
ആര്യഭട്ട കോളജിലെ പൂർവ വിദ്യാർഥി സംഘടനയായ ആര്യ ആശ്ലേഷിന്റെ നേതൃത്വത്തിലാണ് സജ്നക്ക് വീട് നിർമിച്ചുനൽകിയത്. കഴിഞ്ഞ ഒക്ടോബർ 31നായിരുന്നു താക്കോൽ കൈമാറ്റം. സ്വന്തമായി ഒരു വീട് എന്നത് രോഗിയായ സജ്നയുടെ സ്വപ്നമായിരുന്നു. രാജ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു സജ്ന. ഉമ്മ ജമീലക്കൊപ്പം അമ്മാവന്റെ വീട്ടിൽ താമസിക്കവെയാണ് ചികിത്സക്കും വീടിനുമായി പൂർവ വിദ്യാർഥികൂട്ടായ്മ രംഗത്തെത്തിയത്.
എല്ലാവരേയും ദുഃഖത്തിലാഴ്ത്തി രോഗങ്ങളില്ലാത്ത ലോകത്തേക്ക് സജ്ന യാത്രയായി.