കൊടുങ്ങല്ലൂർ ഭരണി: വിപുലമായ ഒരുക്കങ്ങളുമായി നഗരസഭ
1537006
Thursday, March 27, 2025 6:52 AM IST
കൊടുങ്ങല്ലൂർ: ഭരണി മഹോത്സവത്തിന്റെ ഭാഗമായി നഗരത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ കൊടുങ്ങല്ലൂർ നഗരസഭ വിപുലമായ തയാറെടുപ്പുകളാണു നടത്തിവരുന്നത്. 30, 31 തിയതികളിൽ നഗരസഭയുടെ പ്രത്യേക ഭക്ഷണശാലയിൽ അന്നദാനവും കുടിവെള്ളവും ഒരുക്കുന്നുണ്ട്. നഗരത്തിന്റെ ശുചിത്വ പരിപാലനത്തിനു നഗരസഭയുടെ ആരോഗ്യവിഭാഗം സജ്ജമായിക്കഴിഞ്ഞു.
ഹോട്ടലുകളിലും ഇതര ഭക്ഷണശാലകളിലും ശക്തമായ നിരീക്ഷണമുണ്ടാകും. ഭക്തജനങ്ങൾ കൂടുതൽ കേന്ദ്രീകരിക്കുന്ന നഗരസഭ വാർഡുകളിൽ കുടിവെള്ളവും ആവശ്യാനുസരണം ബയോടോയ്ലറ്റ് സൗകര്യങ്ങളും ഒരുക്കും. താലൂക്ക് ആശുപത്രി അധികൃതരും ക്രമസമാധാന പാലകരും റോഡ് ട്രാഫിക് അധികൃതരുമായി കൂടിയാലോചനകൾ നടത്തി ആവശ്യമായ കരുതൽ നടപടികൾ തീരുമാനിച്ചിട്ടുണ്ട്.
നഗരസഭയും ദേവസ്വം അധികൃതരും ഔദ്യോഗിക സംവിധാനങ്ങളും കൊടുങ്ങലൂർ പൗരാവലിയും ഏകോപിച്ചുനിന്നുകൊണ്ടാണ് ഒരുക്കങ്ങൾ.
ക്ഷേത്രത്തിൽ വരിനെല്ല് സമർപ്പിച്ചു
കൊടുങ്ങല്ലൂർ: കാളി - ദാരിക യുദ്ധത്തിൽ ഭഗവതിയുടെ ശരീരത്തിൽ ഉണ്ടായ മുറിവുകൾ സുഖപ്പെടുത്തുന്നതിന് മൂന്നുമണിക്കൂർ നീണ്ടുനിൽക്കുന്ന അശ്വതി പൂജയ്ക്കുശേഷം ഭരണി ദിവസം കാലത്ത് രണ്ടു മുതൽ അഞ്ചുവരെയുള്ള സരസ്വതി യാമത്തിൽ നടക്കുന്ന ആദ്യത്തെ വിശേഷാൽ പൂജയ്ക്ക് ഔഷധഗുണമുള്ള ഈ വരിയരികൊണ്ടുള്ള പായസമാണ് നിവേദിക്കുക.
വരിനെല്ല് വർഷങ്ങളായി ക്ഷേത്രത്തിൽ എത്തിക്കുന്ന കൊരഞ്ഞിയൂർ കീഴേപ്പാട്ട് തറവാട്ടിലെ ദിവാകരൻ നായരുടെ നേതൃത്വത്തിലുള്ള സംഘം കാലത്ത് ഒന്പതിനു വടക്കേനടയിൽ ഭഗവതിക്ക് അഭിമുഖമായി അഞ്ചുതിരിയിട്ട് കത്തിച്ച നെയ്യ്വിളക്കിന് മുന്നിൽ കൊട്ടയിലാക്കിയ വരിനെല്ല് ചുവന്നപട്ടിലേക്ക് ചൊരിഞ്ഞു. സമർപ്പണച്ചടങ്ങിന് കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്താ, അസി. കമ്മീഷണർ എം. ആർ. മിനി, മാനേജർ കെ. വിനോദ്, ഉപദേശകസമിതി സെക്രട്ടറി എ. വിജയൻ എന്നിവർ നേതൃത്വം നല്കി.