കൈനിറയെ വികസനപദ്ധതികളുമായി ഇരിങ്ങാലക്കുട നഗരസഭ ബജറ്റ്
1536229
Tuesday, March 25, 2025 6:36 AM IST
ഇരിങ്ങാലക്കുട: വികസന പദ്ധതികളുമായി സമഗ്ര വികസനത്തിന് ഊന്നല്‍ നല്കി ഇരിങ്ങാലക്കുട നഗരസഭ ബജറ്റ് അവതരിപ്പിച്ചു. 166,75,27,220 രൂപ വരവും 163,11,69,224 രൂപ ചെലവും 3,63,57,996 രൂപ നീക്കിയിരിപ്പുള്ള ബജറ്റാണിത്.
നഗരത്തിന്റെ സാംസ്കാരിക ഐഡന്റിറ്റി രൂപപ്പെടുത്തുന്നതിന് 50 ലക്ഷം, ലഹരി വിരുദ്ധ ബോധവത്കരണം, സ്കൂള്‍ പരിസരങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ കാമറ സ്ഥാപിക്കല്‍ എന്നിവക്ക് 10 ലക്ഷം, ഓഫീസ് കെട്ടിടത്തിന് മുകളില്‍ ഒരു നിലയും കൂടി പണിത് കൗണ്‍സില്‍ ഹാളും സൗകര്യങ്ങളുള്ള കോണ്‍ഫ്രന്‍സ് ഹാളും നിര്‍മിക്കുന്നതിന് ഒരു കോടി 25 ലക്ഷം, നഗരസഭയുടെ രാജീവ് ഗാന്ധി ടൗണ്‍ഹാളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് സ്റ്റേജ് സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും കൂടാതെ ഡ്രൈനേജ് സംവിധാനം ഒരുക്കുന്നതിന് 60 ലക്ഷം തുടങ്ങിയ വിവിധ പദ്ധതികള്‍ ബജറ്റില്‍ ഇടം പിടിച്ചീട്ടുണ്ട്.
കൃഷി സംരക്ഷണം- രണ്ടു കോടി, ആരോഗ്യ സംരക്ഷണം -ആറ് കോടി, മൃഗസംരക്ഷണം- ഒരു കോടി, ശുചിത്വ മാലിന്യ സംസ്കരണം -മൂന്ന് കോടി, ആധുനിക അറവുശാല-18 കോടി 64 ലക്ഷം, ബ്രദര്‍ മിഷന് റോഡ് ഠാണാ പൂതംകുളത്തേക്ക് ബന്ധിപ്പിക്കുന്ന റിങ്ങ് റോഡ്-അഞ്ച് കോടി, റോഡുകൾ, കാനകള്‍, കുളങ്ങള്‍ എന്നിവ വൃത്തിയാക്കുന്നതും മെച്ചപ്പെടുത്തുന്നതുമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മൂന്ന് കോടി, അങ്കണവാടി പദ്ധതികള്‍ക്കായി 75 ലക്ഷം, ഹെറിറ്റേജ് മാര്‍ക്കറ്റ് നിർമാണം-അഞ്ച് കോടി, മൈതാനം നവീകരണം - മൂന്ന് കോടി, നഗരസഭ കാന്റീന്- ആറ് ലക്ഷം, ആധുനിക രീതിയിലുള്ള ക്രിമറ്റോറിയം - ഒരു കോടി, അജൈവ മാലിന്യ ശേഖരണ യൂണിറ്റ്-30 ലക്ഷം, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനം- 10 കോടി, നവീന ഷോപ്പിംഗ് കോംപ്ലക്സ്-16 കോടി 60 ലക്ഷം, ഓപ്പണ്‍ ജിം-45 ലക്ഷം, റോഡുകൾ, പാലങ്ങള്‍, കാനകള്‍ എന്നിവയുടെ നിര്‍മാണം-12 കോടി, വിദ്യാഭ്യാസം, കലാ കായികം, യുവജനക്ഷേമം എന്നീ മേഖലകളില്‍ യുവത്വത്തെ ശക്തിപ്പെടുത്തൽ- രണ്ട് കോടി, കാര്‍ഷിക വിപണന കേന്ദ്രം-50 ലക്ഷം, അമര്‍ജവാന്‍ സ്തൂപം 10 ലക്ഷം തുടങ്ങിയവ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ ബജറ്റ് അവതരിപ്പിച്ചു. ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.