പീച്ചി വികസന പദ്ധതി ഒമ്പത് സോണുകളിലായി നടപ്പാക്കും
1536526
Wednesday, March 26, 2025 1:56 AM IST
പട്ടിക്കാട്: പീച്ചി വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ബൃഹദ്പദ്ധതി തയാറായി. ഒമ്പത് സോണുകളിലായാണ് വികസനപദ്ധതിയുടെ നിർമാണം നടക്കുക.
സോൺ ഒന്ന്: പ്രവേശനകവാടത്തിനോടുചേർന്ന ആദ്യ സോണിൽ ഇന്റർനാഷണൽ കൺവൻഷൻ സെന്റർ, മൾട്ടിപ്ലക്സ് തിയേറ്റർ കോംപ്ലക്സ്, പാർക്കിംഗ് ഏരിയ.
സോൺ രണ്ട്: എൻട്രൻസ് പ്ലാസയും ടിക്കറ്റ് കൗണ്ടറും.
സോൺ മൂന്ന്: എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഇആർഐ) അഡ്മിൻ ബ്ലോക്ക്, ഹോസ്റ്റൽ, ട്രേഡിംഗ് സെന്റർ, ലാബ്, ക്വാർട്ടേഴ്സ്, പാർക്കിംഗ്.
സോൺ നാല്: സെൻട്രൽ പാർക്കിംഗ് സോൺ, പൊതുശൗചാലയം, ക്ലിനിക്, സർവീസസ്.
സോൺ അഞ്ച്: ഷോപ്പിംഗ് സ്ട്രീറ്റ്, കിയോസ്ക്സ്, ഫുഡ് കോർട്ടുകൾ, റസ്റ്ററന്റുകൾ.
സോൺ ആറ്: അമ്യൂസ്മെന്റ് പാർക്ക്, അഡ്വഞ്ചർ പാർക്ക്, റോളർ കോസ്റ്റർ.
സോൺ ഏഴ്: ഓപ്പൺ എയർ തിയേറ്റർ, പ്രീ വെഡിംഗ് ഷൂട്ടിംഗ് സ്പോട്ട്, സൈക്കിളിംഗ് ട്രാക്ക്, ലാൻഡ്സ്കേപ്ഡ് പാർക്ക്, മ്യൂസിക്കൽ ഫൗണ്ടൻ.
സോൺ എട്ട്: പീച്ചി ഹൗസ് റസ്റ്റോറേഷൻ. അഡീഷണൽ മുറികളുള്ള കെട്ടിടം, റസ്റ്റോറന്റ്സ്, കിച്ചൺ, ഗാർഡൻ.
സോൺ ഒമ്പത്: ഡാം ലൈറ്റിംഗ്, പനോരമിക് ഗ്ലാസ് ലിഫ്റ്റ്, ഡാം സൗൺസ്ട്രീം ഗാർഡൻ, വാച്ച് ടവർ, ഗ്ലാസ് ബ്രിഡ്ജ്, സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ്, കഫ്റ്റീരിയ.
ഇവയ്ക്കുപുറമെ മുഴുവൻ റോഡുകളുടെയും നവീകരണവും സംയോജനവും പദ്ധതിയിൽ ഉൾപ്പെടുത്തും. പല സ്ഥലത്തും പഴയ കെട്ടിടങ്ങളിലുമായി പ്രവർത്തിക്കുന്ന വിവിധ ഓഫീസുകൾ പുതിയൊരു സമുച്ചയത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതിയും പീച്ചി വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്ന കാര്യവും പരിഗണിക്കും.
നിർമാണഘട്ടങ്ങൾ ആസൂത്രണംചെയ്യാൻ
മന്ത്രിതലയോഗം നിർദേശംനൽകി
നിർമാണഘട്ടങ്ങൾ ആസൂത്രണംചെയ്യാൻ മന്ത്രിതലയോഗം ഉദ്യോഗസ്ഥർക്കു നിർദേശംനൽകി. ഒല്ലൂർ നിയോജകമണ്ഡലം എംഎൽഎ കൂടിയായ റവന്യു മന്ത്രി കെ. രാജൻ, ഇറിഗേഷൻ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ നിയമസഭാമന്ദിരത്തിൽ നടന്ന യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. പീച്ചി ഡാമിന്റെ 86 ഏക്കർ ഭൂമിയിലാണ് പദ്ധതി ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച മാസ്റ്റർപ്ലാൻ യോഗത്തിൽ അവതരിപ്പിച്ചു. ഓരോ പ്രവൃത്തിയിലും സർക്കാർ ഫണ്ട്, കിഫ്ബി, പിപിപി സഹായം എന്നിവയിൽ നിർമാണനിർവഹണം പൂർത്തിയാക്കാവുന്നവ ഇനംതിരിച്ച് സമർപ്പിക്കും. ഒന്നാംഘട്ട പ്രവർത്തനം ഈ വർഷം തന്നെ ആരംഭിക്കുംവിധം നടപടികൾ വേഗത്തിലാക്കണമെന്ന് മന്ത്രിമാർ നിർദേശിച്ചു.