മീനം പൊന്നണിഞ്ഞു, കൊന്നപ്പൂക്കണിയായി
1536244
Tuesday, March 25, 2025 6:36 AM IST
സ്വന്തം ലേഖകൻ
തൃശൂർ: മണ്ണിലും വിണ്ണിലും മനസിലും പൂത്തുലഞ്ഞ് കണിക്കൊന്നകൾ. വിഷുവിന് ആഴ്ചകൾ ബാക്കിനിൽക്കെ നാടും നഗരവും കണിക്കൊന്നയുടെ സ്വർണവർണശോഭയിൽ തിളങ്ങിനിൽക്കുകയാണ്.
പൊതുവേ മാർച്ച് അവസാനത്തോടെയും ഏപ്രിലിലുമായിരുന്നു ഇവ കൂടുതലായി പൂക്കാറുള്ളതെങ്കിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വിഷുവിനു മാസങ്ങൾക്കുമുൻപേ കണിക്കൊന്നകൾ പുഷ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനത്തെതുടർന്ന് അന്തരീക്ഷത്തിലെ താപനില ഉയർന്നതോടെയാണ് ഇവ പൂത്തുലയാൻ തുടങ്ങിയത്. പൂക്കളുടെ സൗന്ദര്യം കണ്ടാസ്വദിക്കുന്പോഴും വരാനിരിക്കുന്ന അത്യുഷ്ണത്തിന്റെ സൂചനയാണിതെന്നു പഴമക്കാർ മുന്നറിയിപ്പുനൽകുന്നു.
പെയ്യാൻ പോകുന്ന മഴയുടെ ജലാംശം, അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന മാറ്റം എന്നിവയും ഏകദേശം 85- 95 ദിവസങ്ങൾക്കു മുൻപുതന്നെ മണത്തറിയുവാൻ കണിക്കൊന്നകൾക്കു സാധിക്കുമെന്നു ചില പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
അതേസമയം കണിക്കൊന്നകൾ നേരത്തേ പൂവിട്ടതിനാൽ വിഷുവിനു കണിയൊരുക്കാൻ പൂക്കളുണ്ടാകുമോ എന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.