പുലിയെ പിടികൂടണം: ചാലക്കുടി നഗരസഭ കൗൺസിൽ
1537009
Thursday, March 27, 2025 6:52 AM IST
ചാലക്കുടി: നഗരത്തിൽ പുലിയെ കണ്ട സംഭവത്തെത്തുടർന്ന് നഗരസഭ കൗൺസിൽ അടിയന്ത രയോഗം ചേർന്നു. സനീഷ്കുമാർ ജോസഫ് എംഎൽഎ, ഡിഎഫ്ഒ വെങ്കിടേഷ് എന്നിവർ കൗൺസിൽ പങ്കെടുത്തു. അടിയന്തരനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. പുലിയെ കണ്ടാൽ മയക്കുവെടി വയ്ക്കാൻ ഉത്തരവിടണമെന്നും, പുലിയെ കണ്ട പ്രദേശത്തു കൂടുകൾ സ്ഥാപിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ജനവാസ മേഖലയും പട്ടണത്തിന്റെ ഹൃദയഭാഗവുമായ പ്രദേശത്തു വീടിനോടുചേർന്ന് രാത്രിയിൽ സിസിടിവിയിൽ പുലിയെ കണ്ട സാഹചര്യത്തിൽ ജനങ്ങൾ ഏറെ പരിഭ്രാന്തരായിരിക്കുകയാണെന്നും സത്വരനടപടികൾ സ്വീകരിക്കണമെന്നും നഗരസഭ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവനു ഭീഷണിയായി ജനവാസമേഖലയിൽ എത്തിയ പുലിയെ കണ്ടെത്താൻ സത്വരനടപടികൾ സ്വീകരിക്കണമെന്നും ഇത്തരം പ്രത്യേക സാഹചര്യത്തിൽ അടിയന്തരമായി വനംവകുപ്പ് വേണ്ട തീരുമാനങ്ങൾ എടുക്കണമെന്നും സനീഷ്കുമാർ ജോസഫ് എംഎൽഎ പറഞ്ഞു. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഡിഎഫ്ഒ അറിയിച്ചു.
പുലിയെ കണ്ടെത്താൻ വ്യാപകമായ തെരച്ചിൽ നടത്തണമെന്നും അലംഭാവം ഉണ്ടാകരുതെന്നും നഗരസഭാപ്രദേശത്തെ മുഴുവൻ വാർഡുകളിലും അതാതുസ്ഥലത്തെ എല്ലാ സിസിടിവികളും പരിശോധിക്കാനും ആർആർടി ടീമിനെ വിവിധ സ്ഥലങ്ങളിൽ പരിശോധനക്കായി നിയമിക്കണമെന്നും ആവശ്യപ്പെട്ടു. കുട്ടികൾ, പ്രായമായവർ എന്നിവർ അസമയങ്ങളിൽ പുറത്തുപോകുന്നതു ശ്രദ്ധിക്കണം. ഏതെങ്കിലും പ്രദേശങ്ങളിൽ നായ്ക്കളുടെ എണ്ണം കുറഞ്ഞതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം അറിയിക്കണമെന്നും നിർദേശിച്ചു. ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷതവഹിച്ചു.
വൈസ് ചെയർപേഴ്സൺ സി. ശ്രീദേവി, എസ്ഐ സിജുമോൻ, കൗൺസിലർമാരായ ബിജു എസ്. ചിറയത്ത്, എം. എം. അനിൽകുമാർ, എബി ജോർജ്, സി.എസ്. സുരേഷ്, വി.ജെ. ജോജി, ടി.ഡി. എലിസബത്ത്, ജോർജ് തോമസ്, ആലീസ് ഷിബു, വൽസൻ ചമ്പക്കര, സിന്ധു ലോജു, നിത പോൾ, സൂസി സുനിൽ, സുധ ഭാസ്കരൻ, കെ.എസ്. സുനോജ് പ്രസംഗിച്ചു.
രാത്രികാലങ്ങളിൽ പ്രത്യേക സ്ക്വാഡും വാഹനവും വേണം
ചാലക്കുടി: പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കണമെന്ന് ചാലക്കുടി റസിഡൻസ് അസോസിയേഷൻ കോ-ഒാർഡിനേഷൻ കമ്മറ്റി ആവശ്യപ്പെട്ടു.
ജനങ്ങൾ താമസിക്കാതെയും പുറമ്പോക്ക് പ്രദേശങ്ങളിലെയും, കാടുകൾ അടിയന്തര പ്രാധാന്യത്തോടെ വെട്ടി മാറ്റുകയും ജനവാസ മേഖലയിലെ വന്യമൃഗങ്ങളുടെ സാന്നിധ്യം ഇല്ലയെന്ന് ഉറപ്പുവരുത്താൻ രാത്രികാല സ്ക്വാഡുകളുടെ പ്രവർത്തനം ശക്തമാക്കുന്നതിനുള്ള, നടപടികൾ സ്വീകരിക്കണമെന്നും റസിഡന്റ്സ് അസോസിയേഷൻ കോ-ഓഡിനേഷൻ ട്രസ്റ്റ് അധികാരികളോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
പ്രത്യേകിച്ച് സ്കൂളുകളുടെ പരിസരവും അങ്കണവാടികളുടെ പരിസരവും നിരീക്ഷിക്കുന്നതിനുള്ള നടപടിയും മുൻസിപ്പൽതല രാത്രികാല നിരീക്ഷണ സ്ക്വാഡുകൾ പ്രവർത്തനം ശക്തമാക്കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു . ഇതുമായി ബന്ധപ്പെട്ട നിവേദനം പ്രസിഡന്റ്്് പോൾ പാറയിൽ, സെക്രട്ടറി പി.ഡി. ദിനേശ് എന്നിവരുടെ നേതൃത്വത്തിൽ നൽകി.