ശുചീകരണയജ്ഞം നടത്തിയ കൊരട്ടിയിൽ ദേശീയപാതയോരത്തു മാലിന്യം തള്ളി
1536522
Wednesday, March 26, 2025 1:56 AM IST
കൊരട്ടി: കൊരട്ടിയെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മെഗാ ശുചീകരണയജ്ഞം നടത്തി മണിക്കൂറുകൾക്കുള്ളിൽ ദേശീയപാതയ്ക്കരികിൽ മാലിന്യംതള്ളി സാമൂഹ്യവിരുദ്ധർ. തള്ളിയ മാലിന്യം പരിശോധിച്ചതിൽനിന്നു ലഭിച്ച വിലാസം കൊച്ചിയിലെ പ്രമുഖ ഫാമിലി സലൂണിന്റേതാണെന്നു തെളിഞ്ഞു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.എ. മുരളീധരൻപിള്ള, മാലിന്യമുക്തം നവകേരളം കോഓർഡിനേറ്റർ അങ്കിത കണ്ണത്ത്, ഐആർടിസി കോർഡിനേറ്റർ എം.ആർ. രമ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അധികൃതർ സ്ഥാപനത്തിന്റെ ഫോണ് നന്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
ദേശീയപാത പെരുന്പിയിലെ ഇന്ത്യൻ കോഫി ഹൗസിനു മുന്നിലാണ് നാലു ചാക്കുകളിലായി അജൈവമാലിന്യം വലിച്ചെറിഞ്ഞത്. നിയമനടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നതിനൊപ്പം മാലിന്യം തിരിച്ചെടുപ്പിക്കാനാണ് പഞ്ചായത്തും ആരോഗ്യവകുപ്പും തീരുമാനിച്ചിരിക്കുന്നത്.
ഫോണ് നന്പറും ഇ-മെയിൽ ഐഡിയും സ്ഥപനത്തിന്റെ പൂർണമായ മേൽവിലാസവും കൂന്പാരത്തിൽനിന്നു ലഭിച്ചിട്ടുണ്ട്. കൊരട്ടി പഞ്ചായത്ത് അതിർത്തിയായ ദേശീയപാത പൊങ്ങം മുതൽ മുരിങ്ങൂർ വരെയുള്ള പാതയോരത്താണ് ജനപ്രതിനിധികളും തൊഴിലുറപ്പുതൊഴിലാളികളും ഹരിത കർമസേനയും ഉദ്യോഗസ്ഥരും കുടുംബശ്രീ അംഗങ്ങളും ചേർന്ന് കഴിഞ്ഞദിവസം വൃത്തിയാക്കിയത്.