അർണോസ് പാതിരിയുടെ പ്രതിമ തൃശൂരിൽ സ്ഥാപിക്കണം: മന്ത്രിക്കു നിവേദനം നൽകി
1536242
Tuesday, March 25, 2025 6:36 AM IST
തൃശൂർ: മുപ്പതുവർഷമായി തിരുവനന്തപുരത്തെ കോളജ് വളപ്പിൽ താത്കാലികമായി സ്ഥാപിച്ച അർണോസ് പാതിരിയുടെ പ്രതിമ തൃശൂരിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു സിബിസിഐ പ്രസിഡന്റും അതിരൂപത മെത്രാപ്പോലീത്തയുമായ മാർ ആൻഡ്രൂസ് താഴത്ത്, അർണോസ് അക്കാദമി ഡയറക്ടർ റവ.ഡോ. ജോർജ് തേനാടിക്കുളം എസ്ജെ, റവ.ഡോ. പോൾ പൂവത്തിങ്കൽ സിഎംഐ, ഡോ. കുര്യാസ് കുന്പളക്കുഴി എന്നിവർ ചേർന്ന് മന്ത്രി കെ. രാജനു നിവേദനം നൽകി.
1995ൽ കേരള സർക്കാർ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് സർക്കാരിന്റെ സാന്പത്തികസഹായം ഉപയോഗിച്ച് അർണോസ് അക്കാദമി മുപ്പതുവർഷംമുന്പ് തീർത്ത അർണോസിന്റെ പൂർണകായ വെങ്കലപ്രതിമ സർക്കാർഉത്തരവിൽ നിർദേശിച്ച സ്ഥലത്തോ മറ്റേതെങ്കിലും ഉചിതമായ സ്ഥാനത്തോ പ്രതിഷ്ഠിക്കാതെ നീട്ടിക്കൊണ്ടുപോകുന്ന നിലപാട് വേദനാജനകമാണെന്ന് അക്കാദമി ചെയർമാൻ ഡോ. ജോർജ് തേനാടിക്കുളം പറഞ്ഞു. അർണോസ് പാതിരി സംസ്കൃതം പഠിച്ചതു പ്രധാനമായും തൃശൂരിലെ ബ്രഹ്മസ്വം മഠത്തിൽനിന്നായിരുന്നു.
അതിനാൽ പ്രതിമ തൃശൂരിൽ സൗകര്യപ്രദമായ സ്ഥലത്തു സ്ഥാപിക്കണമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടു.