നടുവിലാലിലെ പൊതുപരിപാടികൾ തടഞ്ഞ് ഹൈക്കോടതി
1536527
Wednesday, March 26, 2025 1:56 AM IST
തൃശൂർ: നടുവിലാൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ അനധികൃതമായി പൊതുപരിപാടികൾ നടത്തുന്നതു തടഞ്ഞ് ഹൈക്കോടതി. ഗ്രൗണ്ടിൽ അനധികൃതമായി പരിപാടികൾ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഹൈക്കോടതി കോർപറേഷനു നിർദേശം നൽകി. ജസ്റ്റീസ് എ.എ. സിയാദ് റഹ്മാനാണ് ഉത്തരവിട്ടത്.
ഈ പാർക്കിംഗ് സ്ഥലം തൃശൂർ നഗരത്തിൽ നടക്കുന്ന ചെറുതും വലുതുമായ പല പരിപാടികൾക്കുമായി ഉപയോഗിച്ചിരുന്നു. ഷോപ്പിംഗ് കോംപ്ലക്സിലെ കച്ചവടസ്ഥാപനങ്ങൾക്കും ഇതു വലിയ ബുദ്ധിമുട്ടായി മാറിയിരുന്നു. വ്യാപാരികൾ കോർപറേഷനു പരാതിയും നൽകി. എന്നാൽ അതൊന്നും ഫലം കണ്ടില്ല. തുടർന്നാണ് വ്യാപാരികൾ കോടതിയെ സമീപിച്ചത്.
ഈ ഭാഗത്ത് അനധികൃതമായി ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതിനെതിരേ നേരത്തേതന്നെ ഹൈക്കോടതി രൂക്ഷവിമർശനമുയർത്തിയിരുന്നു. കോർപറേഷനിൽനിന്ന് പിഴയീടാക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. തുടർന്നാണ് ഫ്ലെക്സുകൾ അഴിച്ചുമാറ്റിയത്. എങ്കിലും ഇപ്പോഴും ഫ്ളെക്സുകൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്.