ബയോമെഡിക്കൽ മാലിന്യം ശേഖരിക്കും
1536523
Wednesday, March 26, 2025 1:56 AM IST
ചാലക്കുടി: സംസ്കരിക്കാനും നിർമാർജനം ചെയ്യാനും ജനം ഏറ്റവും പ്രയാസപ്പെടുന്ന ബയോമെഡിക്കൽ മാലിന്യങ്ങൾ വീടുകളിൽ നേരിട്ടെത്തി ശേഖരിക്കുന്നതിന് നഗരസഭ കൗണ്‍സിൽ അംഗീകാരം നൽകി. സർക്കാരിന്റെ ഐഎസ്ഒ അംഗീകാരമുള്ള ക്ലീൻകേരള കന്പനിയുടെയും പൊലൂഷൻ കണ്ട്രോൾ ബോർഡിന്റെയും അംഗീകാരമുള്ള ആക്രി ഇംപാക്റ്റ് എന്ന സ്ഥാപനത്തിനാണ് ബയോ മെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കാൻ അംഗീകാരം നൽകിയത്. ഡയറപ്പറുകൾ, സാനിറ്ററി നാപ്കിനുകൾ, മെഡിസിൻ സ്ട്രിപ്പുകൾ, ഡ്രസിംഗ് കോട്ടൻസ്, സിറിഞ്ച്, സൂചികൾ, മരുന്നുകുപ്പികൾ, കാലഹരണപ്പെട്ട മരുന്നുകൾ എന്നിവയാണ് ഇവർ ശേഖരിച്ചുകൊണ്ടുപോവുക.
ആക്രി ആപ്പിന്റെ ബയോ മെഡിക്കൽ വിഭാഗത്തിൽ ബുക്ക് ചെയ്യുകയോ 800 890 5089 എന്ന ടോൾഫ്രീ നന്പറിൽ ബന്ധപ്പെടുകയോ ചെയ്താൽ, സ്ഥാപനപ്രതിനിധികൾ ബുക്കിംഗ് ദിവസങ്ങളിൽ തന്നെ വീടുകളിലെത്തി മാലിന്യം കൊണ്ടുപോകും. ഇതിനായി പ്രത്യേക കവർ നൽകും. മാലിന്യത്തിന് കിലോഗ്രാമിന് 45 രൂപയും ജിഎസ്ടി യും വീട്ടുകാർ നൽകണം.
അതിദാരിദ്ര്യവിഭാഗത്തിൽപെട്ടവർക്ക് ഫീസിൽ ഇളവുകൾ നൽകുന്ന കാര്യം പരിഗണിക്കും. ഇതിനുള്ള തുക നഗരസഭ പദ്ധതി വഴി വകയിരുത്തും. മഴവെള്ളം കിണറുകളിലേക്ക് റീചാർജ് ചെയ്യുന്നതിനു നഗരസഭ ധനസഹായം നൽകും. 15000, 12000 നിരക്കുകളിലാണ് ഇതിന്റെ പ്രവർത്തി ചെയ്യുക. 55 ലക്ഷം രൂപ ചിലവിൽ 400 വീടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ബെന്നി ബെഹനാൻ എംപിയുടെ വികസന ഫണ്ടിൽ നിന്ന് 6.75 ലക്ഷം രൂപ ഉപയോഗിച്ച് 18, 12, 6 വാർഡുകളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും. ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.