പ്ലസ്ടു മലയാളം ചോദ്യപേപ്പറിലെ തെറ്റ്; കുറ്റക്കാർക്കെതിരേ നടപടിയെടുക്കണം
1536241
Tuesday, March 25, 2025 6:36 AM IST
തൃശൂർ: ആശാനക്ഷരമൊന്നു പിഴച്ചാൽ അൻപത്തൊന്നു പിഴയ്ക്കും ശിഷ്യന് എന്ന ചൊല്ല് അന്വർഥമാക്കുംവിധം അക്ഷരത്തെറ്റുകളുടെയും വാക്യ തെറ്റുകളുടെയും ഘോഷയാത്രയായി പ്ലസ് ടു മലയാളം ചോദ്യപേപ്പർ മാറിയെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. കെപിഎസ്ടിഎ യുടെ പുതിയ ജില്ലാ കമ്മിറ്റി ചുമതലയേറ്റെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
80 മാർക്കിന്റെ പരീക്ഷയിൽ 27 ചോദ്യങ്ങളിൽ 15 അക്ഷരത്തെറ്റുകളുമായി കുട്ടികളെ കുഴപ്പിച്ച ചോദ്യ പേപ്പർ പിൻവലിച്ചു കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും പൊതുവിദ്യാഭ്യാസമേഖലയെ കരിവാരിത്തേക്കുവാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികൾക്കു സ്ഥാനകൈമാറ്റവും ഇഫ്താർ സംഗമവും ചടങ്ങിന്റെ ഭാഗമായി നടന്നു. ജില്ലാ പ്രസിഡന്റ് പി.സി. ശ്രീപത്മനാഭൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജയപ്രകാശ് പാറപ്പുറത്ത്, ജില്ലാ ട്രഷറർ സി.എ. മുഹമ്മദ് റാഫി, സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ്, സംസ്ഥാന സെക്രട്ടറി പി. വിനോദ് കുമാർ, മുൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഷാഹിദ റഹ്മാൻ, സംസ്ഥാന നിർവാഹകസമിതിയംഗങ്ങളായ ടി.യു. ജയ്സണ്, റെയ്ജു പോൾ തുടങ്ങിയവർ പ്രസംഗിച്ചു.