പഴയന്നൂർ ക്ഷേത്രോത്സവത്തിന് ഭക്തജനപ്രവാഹം
1536530
Wednesday, March 26, 2025 1:56 AM IST
പഴയന്നൂർ: ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആറോട്ടോടെ സമാപിച്ചു. ഇന്നലെ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ക്ഷേത്രത്തിന്റെ കിഴക്കേച്ചിറയിൽ പള്ളിപ്പുറത്തപ്പന്റെയും ഭഗവതിയുടെയും ആറാട്ട് നടന്നു. രാവില പള്ളിയുണർത്തൽ, അകത്തേക്ക് എഴുന്നള്ളിക്കൽ, കാഴ്ചശീവേലി, ആറാട്ടിന് എഴുന്നള്ളിക്കൽ, യാത്രാബലി എന്നീ ചടങ്ങുകൾ ക്ഷേത്രത്തിൽ നടന്നു. തന്ത്രി കെ.പി. വിഷ്ണു നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു.
ദേവീദേവന്മാരുടെ ആറാട്ടിനുശേഷം ആറാട്ടുകടവിൽ മുങ്ങിനീരാടാൻ ഭക്തരുടെ വലിയ തിരക്കായിരുന്നു. ആറാട്ടിനു ശേഷം പറവയ്പ്, ഭഗവതിയുടെയും പള്ളിപ്പുറത്തപ്പന്റെയും തിടമ്പുകളേറ്റി ഇരുപത്തിയൊന്നു പ്രദക്ഷിണം എന്നിവ നടന്നു. പ്രസാദ ഊട്ടിനുശേഷം കൊടിയിറക്കത്തോടെ ചടങ്ങുകൾക്ക് സമാപനമായി. ക്ഷേത്രത്തിൽനിന്ന് പ്രസാദമായി ലഭിക്കുന്ന അഞ്ജനം സ്ത്രീപുരുഷഭേദമില്ലാതെ കണ്ണിലെഴുതുന്നതും, ആറാട്ടിനു ശേഷം നടപ്പന്തലിൽ ഭക്തർ നടത്തുന്ന മഞ്ഞൾനീരാട്ടും പഴയന്നൂർ ഉത്സവത്തിന്റെ പ്രത്യേകതകളാണ്.