ജ്യോതിയിൽ പ്രോജക്ട് മത്സരം
1536516
Wednesday, March 26, 2025 1:56 AM IST
തൃശൂർ: ജ്യോതി എൻജിനീയറിംഗ് കോളജിൽ യുക്തി-2025 എന്ന പേരിൽ വിദ്യാർഥികൾക്കായി പ്രോജക്ട് മത്സരം നടത്തി. സർക്യൂട്ട്, നോണ്‍ സർക്യൂട്ട്, സോഫ്റ്റ്വെയർ വിഭാഗങ്ങളിലായി 122 ടീമുകൾ പങ്കെടുത്തു. സർക്യൂട്ട് വിഭാഗത്തിൽ, തൊഴിലാളികളുടെ ജോലിഭാരം ലഘൂകരിക്കുന്ന ഓട്ടോമാറ്റിക് ട്രോളിക്കാണ് ഒന്നാംസമ്മാനം. ഇലക്ട്രിക്കൽ വിദ്യാർഥികളായ ആൽബിൻ ബെന്നി, ജോവാൻ ജെയിൻ, വസിം സമ്മൻ, മുഹമ്മദ് ഹാസിം എന്നിവരാണിതു നിർമിച്ചത്.
നോണ്‍ സർക്യൂട്ട് വിഭാഗത്തിൽ, കുറഞ്ഞ ചെലവിൽ വെള്ളം ശുചിയാക്കുന്ന ഉപകരണത്തിന് ഒന്നാംസ്ഥാനം ലഭിച്ചു. സിവിൽ വിദ്യാർഥികളായ എമിൽഡ ജോണ്‍, ഗോകുൽ കൃഷ്ണ, വി.കെ. ജാക്സണ് എന്നിവരാണിതു രൂപകല്പന ചെയ്തത്. സോഫ്റ്റ്വെയർ വിഭാഗത്തിൽ, നദികളിലെ മാലിന്യം കണ്ടെത്തി ശുദ്ധീകരിക്കുന്ന ഉപകരണത്തിനാണ് ഒന്നാംസ്ഥാനം. കന്പ്യൂട്ടർ സയൻസ് വിദ്യാർഥികളായ ഫ്രീജോ ജയ്സണ്‍, അഖിൽ ജോസ്, അശ്വിൻ വിൻസന്റ്, ആൽവിൻ മാത്യു എന്നിവരാണിതു വികസിപ്പിച്ചത്.
ഒരുലക്ഷത്തിൽപരം രൂപയുടെ കാഷ് അവാർഡും ക്യാറ്റ് സെന്റർ കന്പനി നൽകുന്ന സമ്മാനങ്ങളും വിജയികൾക്കു നൽകി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് നെറ്റിക്കാടൻ, അക്കാദമിക് ഡയറക്ടർ ഫാ. ജോസ് കണ്ണന്പുഴ, പ്രിൻസിപ്പൽ ജോസ് പി. തേറാട്ടിൽ, കോ-ഓർഡിനേറ്റർമാരായ ഡോ. വിൻസി വർഗീസ്, ക്രിസ്റ്റി വാഴപ്പള്ളി എന്നിവർ നേതൃത്വം നൽകി