വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ് പ്രയാണം ഇന്ന് അരിപ്പാലത്ത്
1537007
Thursday, March 27, 2025 6:52 AM IST
അരിപ്പാലം: എ.ഡി 304 ല്‍ രക്തസാക്ഷിത്വംവരിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ് പ്രയാണം ഇന്ന് അരിപ്പാലം സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ എത്തിച്ചേരും. വൈകീട്ട് 5.30 നു തിരുക്കുടുംബദേവാലയത്തില്‍ എത്തിച്ചേരുകയും തുടര്‍ന്ന് വാഹനങ്ങളുടെ അകമ്പടിയോടെ അരിപ്പാലം തിരുഹൃദയ ദേവാലയത്തിലേക്ക് പ്രയാണം ആരംഭിക്കും. റോമിലെ വിശുദ്ധന്റെ നാമത്തിലുള്ള ബസിലിക്കയുടെ റെക്ടര്‍ ഫാ. സ്റ്റഫാനോ റ്റംബ്യൂറോയും വൈസ് സെക്ടര്‍ ഫാ. കാര്‍ലോ ഡി ജിയോവാനിയും തിരുശേഷിപ്പിനെ അനുഗമിക്കുന്നുണ്ട്.
തിരുശേഷിപ്പ് ദേവാലയത്തില്‍ എത്തിച്ചേര്‍ന്നശേഷം ഇറ്റാലിയന്‍ ഭാഷയില്‍ ദിവ്യബലി ഉണ്ടായിരിക്കും. അരിപ്പാലം കെട്ടുചിറയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ കപ്പേളയില്‍ സ്ഥാപിക്കാന്‍ വിശുദ്ധന്റെ ഒരു തിരുശേഷിപ്പ് റെക്ടര്‍ ഫാ. സ്റ്റഫാനോ റ്റംബ്യൂറോ അരിപ്പാലം തിരുഹൃദയ ദേവാലയ വികാരി ഫാ. ഡയസ് ആന്റണി വലിയമരത്തുങ്കലിന് കൈമാറും.
നാളെ മുഴുവന്‍ സമയവും 29 ന് ഉച്ചതിരിഞ്ഞ് മൂന്നുവരെയും വിശ്വാസികള്‍ക്ക് തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. തിരുശേഷിപ്പ് അടങ്ങുന്ന പേടകം റോമിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ ബസിലിക്കയിലാണ് സൂക്ഷിച്ചിരുന്നത്. 1511 നുശേഷം 2024 ജനുവരി 20 നാണ് വിശുദ്ധന്റെ തിരുശേഷിപ്പ് അടങ്ങുന്ന പേടകം വത്തിക്കാന്റെ നിര്‍ദേശത്തിലും മേല്‍നോട്ടത്തിലും തുറന്നത്. തുടര്‍ന്ന് തിരുശേഷിപ്പ് വഹിച്ചുകൊണ്ടുള്ള പ്രയാണം ആരംഭിച്ചു.
ആദ്യമായി പോളണ്ടിലേക്കാണ് പ്രയാണം നടന്നത്. രണ്ടാമതായി ഇപ്പോള്‍ ഇന്ത്യയിലേക്കുള്ള പ്രയാണം നടക്കുകയാണ്. കോട്ടപ്പുറം രൂപതയ്ക്കും ആലപ്പുഴ രൂപതക്കുമാണ് ഇപ്പോള്‍ വിശുദ്ധന്റെ തിരുശേഷിപ്പ് സ്വീകരിക്കുവാനുള്ള ഭാഗ്യം ലഭിക്കുന്നത്. വികാരി ഫാ.ഡയസ് ആന്റണി വലിയമരത്തുങ്കല്‍, ഷാജപ്പന് തിയ്യാടി, അഗസ്റ്റിന് പിന്‍ഹീറോ, പോള്‍ ന്യൂനസ്, നിക്സണ് പിന്‍ഹീറോ എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.