പടിഞ്ഞാറൻ കൊരട്ടിയിൽ ജലവിതരണം മുടങ്ങിയിട്ട് ആറു ദിവസം
1536521
Wednesday, March 26, 2025 1:56 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കാനനിർമാണം നടക്കുന്ന കൊരട്ടി ജംഗ്ഷനിൽ കുഴിയെടുക്കുന്നതിനിടെ ജലവിതരണപൈപ്പ് പൊട്ടി. ഇക്കഴിഞ്ഞ 21നാണു മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കുഴിയെടുക്കുന്പോൾ പ്രധാന പൈപ്പ് പൊട്ടിയത്. വാൽവ് അടച്ച് ശുദ്ധജലം പാഴാകുന്നതു തടഞ്ഞെങ്കിലും നാളിതുവരെ പൈപ്പുകളുടെ അറ്റകുറ്റപ്പണിക്ക് വാട്ടർ അഥോറിറ്റിയോ നിർമാണക്കന്പനിയോ തയ്യാറായിട്ടില്ല.
ഇതോടെ കൊരട്ടി പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലകളായ പടിഞ്ഞാറെ അങ്ങാടി, തെക്കെ അങ്ങാടി, കട്ടപ്പുറം, ദേവമാതാ, വഴിച്ചാൽ, മംഗലശേരി, ചെറ്റാരിക്കൽ വാർഡുകളിൽ ജലവിതരണം തടസപ്പെട്ടിരിക്കുകയാണ്. വിലകൂടിയ ഉയർന്ന സാന്ദ്രതയുള്ള പോളിയെത്തിലീൻ പൈപ്പുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. താരതമ്യേന കേടുപാടുകൾ സംഭവിക്കാത്ത ഇത്തരം പൈപ്പുകൾ പൊട്ടിയതുമൂലം ഇത് എന്നു ശരിയാക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. നിലവിൽ അറ്റകുറ്റപ്പണിക്കാവശ്യമായ സാമഗ്രികൾ ഇല്ലാത്തതാണു വൈകാൻ കാരണമായി പറയുന്നത്.
വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനം ഇല്ലാത്തതാണ് അടിക്കടി പ്രശ്നങ്ങൾക്കു കാരണമാകുന്നത്. പൊട്ടിയ പൈപ്പുകൾ ശരിയാക്കാൻ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും സമയം എടുക്കുമെന്നാണു വാട്ടർ അഥോറിറ്റി അധികൃതർ പറയുന്നത്. ഹൈവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമാണപ്രവൃത്തികളുടെ ഭാഗമായി പൈപ്പ് പൊട്ടൽ പോലുള്ള സംഭവങ്ങൾക്ക് തങ്ങൾക്ക് ഉത്തരവാദിത്വമില്ലയെന്ന നിലപാടാണ് ഹൈവേ അഥോറിറ്റിക്കും കരാർ കന്പനിക്കുമുള്ളത്. എങ്കിലും നൂറുകണക്കിനു ജനങ്ങൾ ശുദ്ധജലത്തിനായി ആശ്രയിക്കുന്ന കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണികളിലെ അനാവശ്യ കാലതാമസം ഒഴിവാക്കി പരിഹാരം കാണണമെന്നാണ് കൊരട്ടിയിലെ പടിഞ്ഞാറൻ മേഖലയിൽ താമസിക്കുന്നവരുടെ ആവശ്യം.