തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം: മന്ത്രി കെ. രാജന്റെ മൊഴിയെടുക്കും
1536525
Wednesday, March 26, 2025 1:56 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പൂരം അലങ്കോലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ റവന്യൂ മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും. എഡിജിപി എംആർ അജിത് കുമാറിന്റെ വീഴ്ചയെക്കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. നിയമസഭാ സമ്മേളനം പൂർത്തിയായശേഷമാകും മൊഴി നൽകുക.
കഴിഞ്ഞദിവസം അന്വേഷണസംഘം മന്ത്രി രാജന്റെ മൊഴിയെടുക്കാൻ സമയം ചോദിച്ചിരുന്നുവെങ്കിലും സഭാസമ്മേളനം കഴിഞ്ഞശേഷം മൊഴിനൽകാമെന്നാണ് മന്ത്രി അറിയിച്ചത്. ഇതുപ്രകാരം രണ്ടു ദിവസത്തിനുള്ളിൽ രാജന്റെ മൊഴി രേഖപ്പെടുത്തും.
തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിലെ പോലീസ് ഇടപെടലിനെക്കുറിച്ച് സിപിഐ ശക്തമായ വിമർശനമുന്നയിച്ചിരുന്നു. തുടർന്ന് അഞ്ചുമാസംമുൻപ് പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ ത്രിതല അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
അന്വേഷണം ഇഴയുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. കെ.രാജന്റെ മൊഴി എടുത്തതിനുശേഷം എഡിജിപി എം.ആർ.അജിത് കുമാറിന്റെ മൊഴിയും എടുക്കും.
അതേസമയം, പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ അന്വേഷണം ഇഴയുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്നു മന്ത്രി രാജൻ പ്രതികരിച്ചു. അന്വേഷണ ഏജൻസിക്കുമുന്നിൽ വൈകാതെ മൊഴിനൽകുമെന്നും ഏജൻസിക്ക് ആരുടെ മൊഴിവേണമെങ്കിലും രേഖപ്പെടുത്താൻ അധികാരമുണ്ടെന്നും രാജൻ പ്രതികരിച്ചു.