മുരിയാട്-വേളൂക്കര കുടിവെള്ളപദ്ധതി ഇഴയുന്നു
1536519
Wednesday, March 26, 2025 1:56 AM IST
ഇരിങ്ങാലക്കുട: നഗരസഭയെയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളെയും കുടിവെള്ള സ്വയംപര്യാപ്തതയിലേക്കു നയിക്കുമായിരുന്ന സന്പൂർണ കുടിവെള്ള പദ്ധതി പ്രതിസന്ധിയിൽ. പദ്ധതിയുടെ നിർമാണോദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടിട്ടും ഇതുവരെ പൂർത്തിയായത് 20 ശതമാനം മാത്രം.
സാന്പത്തിക പ്രതിസന്ധിയാണ് കുടിവെള്ളപദ്ധതിക്കു തടസമായത്. ജൽജീവൻ മിഷൻ, സംസ്ഥാന ഫണ്ട് എന്നിവ ഉപയോഗിച്ചുള്ള പദ്ധതിയുടെ നിർമാണം 2023 ഫെബ്രുവരി 24ന് മന്ത്രി റോഷി ആഗസ്റ്റിനാണ് ഉദ്ഘാടനം ചെയ്തത്. സ്ഥലം എംഎൽഎ ഡോ. ആർ. ബിന്ദുവായിരുന്നു അധ്യക്ഷ. ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെ സമഗ്രകുടിവെള്ള പദ്ധതിക്കായി 164.87 കോടിയും ഇരിങ്ങാലക്കുട നഗരസഭയ്ക്കായി സംസ്ഥാന വിഹിതമായ 19.35 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ ജൽജീവൻ മിഷന്റെ 114 കോടിയുടെ പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.
ജൽജീവൻ മിഷൻ പദ്ധതിയിൽ മുരിയാട് പഞ്ചായത്തിന് 70.22 കോടിയും വേളൂക്കര പഞ്ചായത്തിന് 94.65 കോടിയുമാണു വകയിരുത്തിയത്. പഞ്ചായത്തുകളിലേക്കു പ്രതിദിനം ആളോഹരി 100 ലിറ്റർ വീതവും മുനിസിപ്പാലിറ്റിയിലേക്കു 150 ലിറ്റർ വീതവുമാണു കുടിവെള്ളം വിതരണം ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. വേളൂക്കര പഞ്ചായത്തിലെ 35,809 പേർക്കും മുരിയാട് 33,574 പേർക്കും ഇരിങ്ങാലക്കുടയിൽ 74,157 പേർക്കും കുടിവെള്ളം നൽകാനാണു പദ്ധതി വിഭാവനം ചെയ്യുന്നത്.
കരുവന്നൂർ പുഴയാണു പദ്ധതിയുടെ ജലസ്രോതസ്. കരുവന്നൂർ പുഴയിലെ ഇല്ലിക്കലിൽ 12 മീറ്റർ വ്യാസമുള്ള കിണറും പന്പ് ഹൗസും നിർമിച്ച് ഈ കിണറിൽനിന്നു വെള്ളം പന്പ് ചെയ്ത് 5800 മീറ്റർ വഴി മങ്ങാടിക്കുന്നിൽ നിർമിക്കുന്ന 18 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിൽ എത്തിച്ച് ശുദ്ധീകരിച്ച് എട്ടു ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതലസംഭരണിയിൽ ശേഖരിക്കുന്നു. ഇവിടെനിന്നും പ്ലാന്റ് പരിസരത്തുള്ള 22 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല ജലസംഭരണിയിലേക്ക് പന്പ് ചെയ്യുന്നു.
നിർമാണം നിലച്ചു, കാടുകയറി
മുരിയാട് പഞ്ചായത്തിലെ വനിതാ വ്യവസായകേന്ദ്രത്തിന് സമീപം നിർമിക്കുന്ന 12 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ശുദ്ധജല ടാങ്കിന്റെ നിർമാണം നിലച്ചിട്ട് ഒരു വർഷം പിന്നിട്ടു. തറനിർമാണം വരെ പൂർത്തിയായിട്ടുള്ളൂ. പ്രവൃത്തികൾ നിലച്ചതോടെ ഇവിടെ കാടുകയറി. വേളൂക്കര പഞ്ചായത്തിലെ കല്ലംകുന്നിൽ 10 ലക്ഷം സംഭരണ ശേഷിയുള്ള ശുദ്ധജല ടാങ്കിന്റെ നിർമാണം 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ഈ രണ്ട് ടാങ്കുകളിലേക്കുള്ള ക്ലിയർ വാട്ടർ പന്പിംഗ് മെയിൻ സ്ഥാപിക്കുന്നതും പഞ്ചായത്തിലെ വിതരണ ശൃംഖല സ്ഥാപിക്കുന്ന പ്രവൃത്തികളും മന്ദഗതിയിലാണ്.
എങ്ങുമെത്താത്ത ടെൻഡർ നടപടികൾ
പ്രധാനഘടകങ്ങളായ കിണർ, റോ വാട്ടർ പന്പിംഗ് മെയിൻ, 18 എംഎൽഡി ശുദ്ധീകരണശാല, 22 ലക്ഷം ശേഷിയുള്ള മുനിസിപ്പാലിറ്റിക്ക് വേണ്ടിയിട്ടുള്ള ടാങ്ക് എന്നിവയുടെ ടെൻഡറുകൾക്ക് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.