പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷൻ അടച്ചു
1536247
Tuesday, March 25, 2025 6:36 AM IST
ചാലക്കുടി: അപകടങ്ങൾ പതിവായിമാറിയ പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷൻ അടച്ചു. നഗരസഭ ചെയർമാൻ ഷിബു വാലപ്പന്റെ സാന്നിധ്യത്തിൽ എൻഎച്ച്ഐ അധികൃതർ ഇന്നലെ ഉച്ചയോടെയാണ് ജംഗ്ഷൻ അടച്ചത്.
നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുള്ള പോട്ട ആശ്രമം സിഗ്നൽ ഇംഗ്ഷൻ അടയ്ക്കാൻ ഇവിടെ സന്ദർശനം നടത്തിയ ഗതാഗത മന്ത്രി കെ.ബി. ഗണേശ്കുമാർ നിർദേശിച്ചിരുന്നു. പകരം സംവിധാനം ഇല്ലാത്തതിനാൽ നടപടി സ്വീകരിച്ചിരുന്നില്ല.
കഴിഞ്ഞ മാസം ഇവിടെ ഒരു ഇരു ചക്ര വാഹന യാത്രക്കാരൻ അപകടത്തിൽ മരിക്കുകയും കുട്ടിയിടിച്ച മിനിലോറിക്ക് തീ പിടിക്കുകയും ചെയ്ത സംഭവത്തെ തുടർന്ന് സിഗ്നൽ ജംഗ്ഷൻ അടയ്ക്കണമെന്ന ആവശ്യം ശക്തമായി. സനീഷ് കുമാർ ജോസഫ് എംഎൽഎ, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ എന്നിവർ എൻഎച്ച്ഐ അധികൃതരുടെ യോഗം ചേർന്ന് സിഗ്നൽ ജംഗ്ഷൻ അടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇവിടെ അടിപ്പാത നിർമാണത്തിന് അനുമതിക്കായി ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ചാലക്കുടിയിൽ നിന്നും പോട്ട വഴി ഇരിങ്ങാലക്കുട ഭാഗത്തേക്കുള്ള ബസ്സുകൾ കിഴക്കുഭാഗത്തെ വീതികൂട്ടിയ സർവീസ് റോഡിലൂടെ സുന്ദരിക്കവല വഴി സർവീസ് നടത്തും.
എഴുന്നള്ളത്ത്പാത ആശ്രമം റോഡിലൂടെ സർവീസ് നടത്തുന്ന ബസ്സുകൾ ഇരുവശത്തേയും സർവീസ് റോഡിലൂടെ പോട്ട അടിപാത വഴി സർവീസ് നടത്തും.
ആശ്രമം ജംഗ്ഷനിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിന് നിശ്ചിത സമയങ്ങളിൽ സിഗ്നൽ വെച്ച് സൗകര്യം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുതായി ചെയർമാൻ അറിയിച്ചു.