ആറാട്ടുപുഴ പൂരത്തിനായി പൂരപ്പാടം ഒരുങ്ങുന്നു
1536513
Wednesday, March 26, 2025 1:56 AM IST
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് പൂരപ്പാടം സജ്ജമാക്കി തുടങ്ങി. തേവർ റോഡിന്റെ ഇരുവശത്തുമുള്ള 30 ഏക്കറിലധികം വിസ്തൃതിയിലുള്ള പൂരപ്പാടം ട്രാക്ടർ ഉപയോഗിച്ചു ഉഴുതുമറിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
പാടം ഉഴുതു മറിക്കുന്നതോടുകൂടി തറഞ്ഞുനിൽക്കുന്ന ഭൂമിയുടെ ഉപരിതലത്തിലുള്ള സുഷിരങ്ങൾ തുറക്കുകയും ഈ സുഷിരങ്ങൾ വഴി വെള്ളം ഭൂമിയുടെ അടിത്തട്ടിലേക്ക് ഇറങ്ങുകയും ചെയ്യും. കാലം തെറ്റി വരുന്ന വേനൽ മഴയിലും പൂരപ്പാടത്ത് വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനാണ് ഭൂമി ഉഴുതുമറിക്കുന്നത്.
പൂരത്തിന്റെ പ്രധാന ആകർഷണമായ കൂട്ടിയെഴുന്നെള്ളിപ്പ്, തൃപ്രയാർ തേവർ, ഊരകത്തമ്മത്തിരുവടി, ചേർപ്പ് ഭഗവതി, ചാത്തക്കുടം ശാസ്താവ്, തൊട്ടിപ്പാൾ ഭഗവതി, നെട്ടിശേരി ശാസ്താവ്, പൂനിലാർക്കാവ് ഭഗവതി, കടുപ്പശേരി ഭഗവതി, ചാലക്കുടി പിഷാരിക്കൽ ഭഗവതി എന്നീ ദേവീദേവന്മാരുടെ എഴുന്നള്ളിപ്പുകളും നടക്കുന്നത് പൂരപ്പാടത്താണ്.
ആറാട്ടുപുഴ ഉത്സവാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൂരപ്പാടം സജ്ജമാക്കുന്നത്. ഏപ്രിൽ ഒന്പതിനാണ് ആറാട്ടുപുഴ പൂരം.