വിഷവും ഭക്ഷണവും ഒരേ തട്ടിൽ വേണ്ട ! ഫുഡ് സേഫ്റ്റി മുന്നറിയിപ്പ്
1536245
Tuesday, March 25, 2025 6:36 AM IST
സ്വന്തം ലേഖകൻ
തൃശൂർ: വേർതിരിവുകൾ ഒരുകാലത്തും നല്ലതല്ല എന്നു സമൂഹം പറയുന്പോഴും ചില സമയങ്ങളിൽ വേർതിരിവുകൾ നല്ലതാണെന്നു സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു. അടുക്കളയിലും സംഭരണമുറികളിലും ഭക്ഷ്യവസ്തുക്കൾക്ക് ഒപ്പം കീടനാശിനികളും ക്ലീനിംഗ് വസ്തുക്കളും അശ്രദ്ധമായി സൂക്ഷിക്കുന്നതും അവ ഭക്ഷ്യവസ്തുക്കളുമായി സന്പർക്കത്തിൽ വരുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നത്തിന് ഇടവരുത്തുമെന്നാണ് മുന്നറിയിപ്പ്.
ഭക്ഷ്യവസ്തുക്കളുമായോ, അവ സൂക്ഷിക്കുന്നതിനോ പാചകം ചെയ്യുന്നതിനോ ഉപയോഗിക്കുന്ന കണ്ടെയ്നറുകൾ, പാത്രങ്ങൾ മുതലായവയുമായോ ഇവ സന്പർക്കത്തിൽ വരുന്നത് അപകടങ്ങൾക്ക് ഇടയാക്കിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി വകുപ്പ് രംഗത്തുവന്നിരിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ ചില നല്ല ശീലങ്ങൾ പാലിച്ചാൽ ആരോഗ്യപരമായ ജീവിതം കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും നിർദേശമുണ്ട്.
വേർതിരിച്ചു സൂക്ഷിക്കുക: കീടനാശിനികളും മറ്റു രാസവസ്തുക്കളും ഭക്ഷണവസ്തുക്കളിൽനിന്ന് എല്ലായ്പ്പോഴും വേർതിരിച്ചുതന്നെ സൂക്ഷിക്കണം. അവയ്ക്കായി പ്രത്യേക അലമാരകൾ അല്ലെങ്കിൽ അകലെമാറിയുള്ള സംഭരണസംവിധാനങ്ങൾ ക്രമീകരിക്കുക.
ശുചിത്വം പാലിക്കുക: ഇത്തരം വസ്തുക്കൾ കൈകാര്യം ചെയ്തശേഷം കൈകളും ഉപകരണങ്ങളും നന്നായി കഴുകുക. പാചകോപകരണങ്ങൾ ഉപയോഗിക്കുന്നതിനു മുന്പും ശേഷവും ശുചിത്വം ഉറപ്പാക്കുക.
ഭക്ഷണവസ്തുക്കളുടെ സംരക്ഷണം: അസംസ്കൃതവും വേവിച്ചതുമായ ഭക്ഷണങ്ങൾ വേർതിരിച്ചു സൂക്ഷിക്കുക. അതിനായി അടയ്ക്കാവുന്ന കണ്ടെയ്നറുകൾ ഉപയോഗിക്കുക.
അവബോധം പ്രചരിപ്പിക്കുക, സുരക്ഷാശീലങ്ങൾ വളർത്തുക: വീടുകളിലും ഹോട്ടലുകളിലും മറ്റിടങ്ങളിലുമെല്ലാം ഭക്ഷ്യസുരക്ഷാമാർഗങ്ങൾ സ്വീകരിച്ചുകൊണ്ട്, ഇത്തരം വസ്തുതകളെക്കുറിച്ചുള്ള നല്ല അവബോധം പ്രചരിപ്പിക്കുക. കുഞ്ഞുങ്ങളെയും കുടുംബാംഗങ്ങളെയും ഈ ശീലങ്ങളുടെ ഭാഗമാക്കുക.
ഭക്ഷണസുരക്ഷയ്ക്കായുള്ള ചെറിയ മുൻകരുതലുകൾപോലും ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനശിലകളാണെന്നിരിക്കെ സുരക്ഷിതമായ ശീലങ്ങൾ പാലിച്ച് എല്ലാവരുടെയും ആരോഗ്യകരമായ ഭാവി ഉറപ്പാക്കാമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു.