മെഡിക്കൽ കോളജ് ആശുപത്രി ജലക്ഷാമത്തിന്റെ വക്കിൽ
1536230
Tuesday, March 25, 2025 6:36 AM IST
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രി ശുദ്ധജലക്ഷാമത്തിലേക്ക്. ആശുപത്രിക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളങ്ങൾ വറ്റിത്തുടങ്ങി. വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ആശുപത്രി, മെഡിക്കൽ കോളജ്, ദന്തൽ കോളജ്, നഴ്സിംഗ് കോളജ്, നെഞ്ചുരോഗ ആശുപത്രി, വിവിധ ലാബോറട്ടറികൾ, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ, മോർച്ചറി എന്നിവയുടെ പ്രവർത്തനവും പ്രതിസന്ധിയിലാകും.
മെഡിക്കൽ കോളജിലെയും അനുബന്ധസ്ഥാപനങ്ങളിലെയും ജലവിതരണം നേരിയ തോതിൽ തടസപ്പെട്ടു. വേനലിൽ പീച്ചിയിൽനിന്നു കനാൽവെള്ളമെത്തുന്പോൾ ഉറവപൊട്ടി കോളജ് കാന്പസിലെ കുളങ്ങൾ നിറയാറുണ്ട്. ഇക്കുറി പീച്ചി വെള്ളം തുറന്നിട്ട് ആറു ദിവസമായിട്ടും ഇവിടേക്കു വെള്ളം ഒഴുകിയെത്തിയില്ല.
ജലക്ഷാമം പരിഹരിക്കാനുള്ള നടപടികളുമായി ആശുപത്രി അധികൃതരും നെട്ടോട്ടത്തിലാണ്. വാർഡുകളിൽ ജലവിതരണം ഭാഗികമാക്കിയെങ്കിലും പ്രതിസന്ധിയില്ലെന്നു രോഗികൾ പറഞ്ഞു. കുളം നിറഞ്ഞില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും. പീച്ചിയിൽനിന്നുള്ള വെള്ളം ദിശമാറ്റിവിടുന്നെന്ന പരാതി ഉയർന്നിട്ടുണ്ട്. കനാലിൽ മാലിന്യങ്ങൾ കെട്ടിക്കിടന്നു വെള്ളത്തിന്റെ ഒഴുക്കും തടസപ്പെട്ട് ചേറൂർ, താണിക്കുടം, വിയ്യൂർ മേഖലകളിൽ വേനലിലും വെള്ളക്കെട്ടു രൂപപ്പെട്ടു.
വിയ്യൂർ ഭാഗത്തു ചില കോൾനിലങ്ങളിലെ തോട് കരകവിഞ്ഞു റോഡിലേക്ക് ഒഴുകുന്നുണ്ട്. പീച്ചിയിൽനിന്നു വരുന്ന തോടിന്റെ ആഴംകൂട്ടാനോ കാനയിലെ മാലിന്യങ്ങൾ നീക്കാനോ അധികൃതർ തയാറായിട്ടില്ല. ഇതോടൊപ്പം മെഡിക്കൽ കോളജ്, വിയ്യൂർ, മുളങ്കുന്നത്തുകാവ്, അവണൂർ, കോലഴി മേഖലകളിലേക്ക് ഒഴുക്കുന്ന വെള്ളം പോലീസ് അക്കാദമിക്കുസമീപവും പുഴയ്ക്കൽ, കുറ്റൂർ ഭാഗത്തും ദിശമാറ്റി വിടുന്നെന്നും നാട്ടുകാർ ആരോപിച്ചു. സന്പന്നർക്കുവേണ്ടിയാണു വെള്ളത്തിന്റെ ദിശമാറ്റുന്നതെന്നും ആരോപണമുണ്ട്. പുഴയ്ക്കൽ ഭാഗത്തുള്ള വലിയ വ്യാപാരസമുച്ചയങ്ങൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
ഒരാഴ്ചത്തേക്കു മാത്രമാണു പീച്ചി വെള്ളം തുറന്നുവിടുക. അഞ്ചു ദിവസമായിട്ടും മെഡിക്കൽ കോളജ് കാന്പസിനു സമീപം വെള്ളമെത്തിയിട്ടില്ല. വെള്ളമെത്തിയാലും മൂന്നുനാലു ദിവസംകൊണ്ടുമാത്രമേ ഉറവപൊട്ടി കുളം നിറയൂ.
മുൻകരുതലെന്നോണം ആവശ്യമെങ്കിൽ ലോറിയിൽ വെള്ളമെത്തിക്കും. നിലവിൽ പീച്ചിയിൽനിന്നുള്ള വെള്ളം തടയണകെട്ടി കുളങ്ങളിലേക്ക് എത്തിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. രാത്രിയോടെ വെള്ളമെത്തുമെന്നാണു പ്രതീക്ഷ.