മേയർക്കു ചോറിങ്ങും കൂറ് അങ്ങും: വി.എസ്. സുനിൽകുമാർ
1490507
Saturday, December 28, 2024 6:19 AM IST
തൃശൂർ: ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രനിൽനിന്നു തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് കേക്ക് സ്വീകരിച്ചതിനെതിരേ രൂക്ഷവിമർശനവുമായി സിപിഐ നേതാവ് വി.എസ്. സുനിൽ കുമാർ. കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണ്. ഇടതുപക്ഷത്തോടോ അതിന്റെ രാഷ്ട്രീയബോധ്യത്തോടോ മേയർക്കു കൂറില്ല. ചോറിവിടെയും കൂറ് അങ്ങുമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും സ്ഥാനാർഥിക്കും വേണ്ടിയാണു മേയർ പ്രവർത്തിച്ചത്. ഇടതുപക്ഷത്തിന്റെ ചെലവിൽ ബിജെപിക്കായി പ്രവർത്തിക്കുന്നയാൾക്കു കെ. സുരേന്ദ്രൻ വീട്ടിലെത്തി കേക്ക് നൽകിയതിൽ ആശ്ചര്യമില്ല. നാളെ അദ്ദേഹം ബിജെപിയുടെ ആരാകുമെന്നു പറയാനാകില്ല.
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനായി ഒരു വേദിയിൽപോലും എത്തിയില്ല. എൻഡിഎ സ്ഥാനാർഥിക്കു ഗുണകരമാകുന്നവിധത്തിൽ പദവി ദുരുപയോഗം ചെയ്തു. സിപിഐ മേയറെ അംഗീകരിച്ചിട്ടില്ല. പൊരുത്തപ്പെട്ടു പോകുകമാത്രമാണു ചെയ്തത്. സംസ്ഥാനത്തു വേറെയും മേയർമാരുണ്ട്. എന്നിട്ടും തൃശൂരിൽമാത്രമാണു ബിജെപി അധ്യക്ഷനെത്തിയത്.
എം.കെ. വർഗീസുമായി വ്യക്തിവിരോധമില്ല. രാഷ്ട്രീയപരമായി അംഗീകരിക്കില്ല. മേയറെ മാറ്റാൻ ആവശ്യപ്പെട്ടിട്ടും തൽസ്ഥാനത്തു തുടരാൻ അനുവദിച്ചതാണു പ്രശ്നമെന്നും സിപിഎമ്മിനെ പരോക്ഷമായി പഴിച്ചുകൊണ്ട് സുനിൽകുമാർ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കുപിന്നാലെ മേയർക്കെതിരേ രൂക്ഷവിമർശനമാണു സുനിൽകുമാർ ഉയർത്തിയത്. ഇടയ്ക്കു സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജും ആരോപണവുമായി രംഗത്തെത്തി. എന്നാൽ, സിപിഎം ഇടപെട്ടതോടെ ആരോപണങ്ങൾ ഒതുങ്ങി. ഭരണനഷ്ടമുണ്ടാകുമെന്ന വാൾ ചൂണ്ടിയാണ് സിപിഎം ആരോപണങ്ങൾ പ്രതിരോധിച്ചത്.
ചേംബറിൽ ആരുവന്നാലും കാണുമെന്നും സുരേഷ് ഗോപിയുടെ സന്ദർശനവും അത്തരത്തിലാണെന്നും അന്നു മേയർ മറുപടിനൽകി. പിന്നീടു സുരേഷ് ഗോപിക്കൊപ്പം ചായകുടിച്ചതു വിവാദമായപ്പോഴും സമാനമറുപടി നൽകി. ഇതിനുപിന്നാലെയാണു കേക്ക് വിവാദം.
ബിജെപിയുടെ സ്നേഹസന്ദേശയാത്രയുടെ ഭാഗമായാണ് സുരേന്ദ്രൻ ക്രിസ്മസ് കേക്കുമായി എത്തിയത്. കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും സ്നേഹസന്ദർശനം മാത്രമാണെന്നുമാണ് കെ. സുരേന്ദ്രൻ പ്രതികരിച്ചത്. ക്രിസ്മസ് ദിനത്തിൽ ആരുവന്നാലും സ്വീകരിക്കുമെന്നും ക്രിസ്മസ് സ്നേഹത്തിന്റെ ദിവസമാണെന്നും മറ്റൊരു ചിന്തയും ഇല്ലെന്നും മേയറും പ്രതികരിച്ചു.
ആരോപണങ്ങൾ സുനിൽകുമാർ തെളിയിക്കട്ടെ: മേയർ
തൃശൂര്‍: അനുവാദം ചോദിച്ചല്ല സുരേന്ദ്രൻ വീട്ടിലെത്തിയതെന്നും ആരോപണങ്ങൾ വി.എസ്. സുനിൽകുമാർ തെളിയിക്കണമെന്നും തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ്. കേക്ക് വാങ്ങിയതിൽ രാഷ്ട്രീയമില്ല. വന്നവർക്കു രാഷ്ട്രീയമുണ്ടോയെന്ന് അവരോടു ചോദിക്കണം. ക്രിസ്തുവിനെ വരവേൽക്കാൻ കുടുംബത്തോടൊപ്പം കാത്തിരിക്കുന്പോഴാണ് സുരേന്ദ്രൻ എത്തിയത്. കേക്ക് ആരു കൊണ്ടുവന്നാലും സ്വീകരിക്കും. കേക്കുമായി വീട്ടിലെത്തിയാൽ കയറരുതെന്നു പറയാനാകില്ല. ആരോപണം പുതിയതല്ലെന്നും വർഗീസ് പറഞ്ഞു.
സുനിൽ കുമാറിന് ഇത്ര സ്നേഹം എന്താണെന്നു മനസിലാകുന്നില്ല. ആരോപണങ്ങൾ തെളിയിക്കണം. താൻ ഇടതുപക്ഷത്തിനൊപ്പം നടക്കുന്ന വ്യക്തിയാണ്. ഇടതുപക്ഷത്തിന്റെ പദ്ധതികളാണു നടപ്പാക്കുന്നത്. നേരത്തേയുണ്ടായിരുന്ന തൃശൂരല്ല ഇപ്പോൾ. മാറ്റങ്ങൾ നിങ്ങൾക്കുതന്നെ കാണാം. ഇനിയും ജനങ്ങൾക്കൊപ്പംനിന്നു പ്രവർത്തിക്കും. ഇത്തരം ബാലിശമായ ആരോപണങ്ങൾക്കു പിന്നാലെ പോകാൻ സമയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജാതിമതഭേദമെന്യേ എല്ലാവർക്കും കേക്കു നൽകുന്നയാളാണു ഞാൻ. കോർപറേഷനിലെ ജീവനക്കാർക്കും മറ്റുള്ളവർക്കും കേക്കു നൽകി. സുനിൽകുമാർ എംപിയായിരുന്നെങ്കിൽ ബിജെപി കേക്ക് നൽകിയാൽ സ്വീകരിക്കുമായിരുന്നില്ലേ? സുനിൽകുമാറിനു ചുമതലകളില്ല. എന്തും പറയാം. ഞാൻ ചട്ടക്കൂടിനുള്ളിൽനിന്നു പ്രവർത്തിക്കുന്നയാളാണ്. തെരഞ്ഞെടുപ്പുസമയത്തു സുരേഷ് ഗോപിക്കു ചായ കൊടുത്തതു തെറ്റാണോ? സുനില്‍കുമാര്‍ എന്റെയടുത്തു വന്നിട്ടില്ല. ആകെ വന്നതു സുരേഷ് ഗോപിയാണ്.
തൃശൂരില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന്, താന്‍ അത്തരക്കാരനല്ലെന്നും ഇപ്പോള്‍ ഇടതിനൊപ്പമാണെന്നും മേയര്‍ പറഞ്ഞു.
മേയർക്കു ചാഞ്ചാട്ടമുള്ളതായി തോന്നിയിട്ടില്ല: കണ്ടംകുളത്തി
തൃശൂർ: മേയർക്കു ചാഞ്ചാട്ടമുള്ളതായി തോന്നിയിട്ടില്ലെന്നു സിപിഎം നേതാവും കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വർഗീസ് കണ്ടംകുളത്തി. മേയറെ സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിനു ചാഞ്ചാട്ടമുള്ളതായി തോന്നിയിട്ടില്ല. ബിജെപിയുടേതു വിഭജനത്തിന്റെ തന്ത്രമാണ്. അതവർ പയറ്റുമെന്നും കണ്ടംകുളത്തി പറഞ്ഞു.
സുനിൽകുമാറിനു തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ചൊരുക്ക്: സുരേന്ദ്രൻ
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയോടു തോറ്റതിന്റെ ചൊരുക്കാണ് വി.എസ്. സുനിൽകുമാറിനെന്നു ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ. ക്രിസ്മസ് കാലത്തു നിരവധി സമുദായനേതാക്കളെയും ബിഷപ്പുമാരെയും കാണുകയും, കേക്കും ആശംസകളും കൈമാറുകയും ചെയ്തിട്ടുണ്ട്. അതിൽ ആരും രാഷ്ട്രീയം കണ്ടിട്ടില്ലെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ആളുകളെ കാണുകയും ചായകുടിക്കുകയും ചെയ്യുന്നതു തെറ്റാണെങ്കിൽ അദ്ദേഹവും ആ തെറ്റു ചെയ്തിട്ടുണ്ട്. സുനിൽകുമാറിന്റെ അന്തിക്കാട്ടെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. കടുപ്പമുള്ള ചായയും കടികളും തന്നിട്ടുണ്ട്. എന്റെ ഉള്ള്യേരിയിലെ വീട്ടിൽ അദ്ദേഹവും വന്നിട്ടുണ്ട്. നിലപാടുകൾ വേറെ, സൗഹൃദങ്ങൾ വേറെ. സുനിൽ എന്നും തന്റെ നല്ല സുഹൃത്താണെന്നും സുരേന്ദ്രൻ പറഞ്ഞു.