പുളിക്കക്കടവ് പുതുവത്സര പുഴയോര ഫെസ്റ്റിന് ഇന്നു തുടക്കം
1490470
Saturday, December 28, 2024 6:01 AM IST
അന്നമനട: പുളിക്കക്കടവ് പുഴയോരത്ത് നന്മ വാളൂർ - ചെറുവാളൂർ സംഘടിപ്പിക്കുന്ന പുതുവത്സര പുഴയോര ഫെസ്റ്റ് - 2025 ന് ഇന്നു തുടക്കം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം കലാ-കായിക, സാംസ്കാരിക കൂട്ടായ്മകളും സംഘടിപ്പിച്ച് അന്നമനട പഞ്ചായത്തിൽ സജീവമായി മാറിയ നന്മ വാളൂർ നാലുദിവസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ നടന്ന ടൂ വീലർ റാലിയുടെ ഫ്ലാഗ് ഓഫ് കൊരട്ടി സിഐ അമൃത് രംഗൻ നിർവഹിച്ചു.
ഇന്നു രാത്രി ഏഴിന് കോട്ടയം സംഗീതിക കമ്യൂണിക്കേഷൻസിന്റെ മെഗാ ഹിറ്റ് ഗാനമേള. വി.ആർ. സുനിൽകുമാർ എംഎൽഎ മുഖ്യാതിഥിയാകും. നാളെ വൈകീട്ട് ഏഴിന് ലേഡീസ് മ്യൂസിക്കൽ നൈറ്റ്. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. 30ന് വൈകീട്ട് 6.30ന് കൈകൊട്ടിക്കളി, തിരുവാതിരക്കളി തുടങ്ങി വിവിധ കലാപരിപാടികൾ. സനീഷ്കുമാർ ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരിക്കും.
31ന് വൈകീട്ട് 6.30ന് നാടൻപാട്ട്, രാത്രി പത്തിന് ശിങ്കാരിമേളം, 12ന് പപ്പാനിയെ കത്തിക്കൽ. കാടുകുറ്റി, അന്നമനട ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ പ്രിൻസി ഫ്രാൻസിസ്, പി.വി.വിനോദ് എന്നിവർ സന്നിഹിതരാകും.
പുളിക്കക്കടവ് പുഴയോരം മോടിപിടിപ്പിക്കുന്നതിനും കുട്ടികൾക്കും വയോധികർക്കുമുള്ള വൈകുന്നേരങ്ങളിലെ വിശ്രമകേന്ദ്രമാക്കി മാറ്റുന്നതിനുമായുള്ള പ്രവർത്തനങ്ങളുടെ മുന്നോടിയാണ് ഈ വർഷത്തെ പുഴയോര ഫെസ്റ്റെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സിന്ധു ജയൻ, കൺവീനർമാരായ എം.എ. സലിൽകുമാർ, സാനി ചക്കാലക്കൽ എന്നിവർ പറഞ്ഞു.