ദേവാലയങ്ങളില്‍ തിരുനാൾ : കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയം
1490486
Saturday, December 28, 2024 6:15 AM IST
പരിശുദ്ധ മാതാവിന്റേയും വിശുദ്ധ ലാസറിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്തതിരുനാള്‍ ജനുവരി ഒന്നുമുതൽ നാലുവരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ഷാജി കൊച്ചുപുരയ്ക്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
ക്രിസ്മസ് ദിനത്തിൽ രാവിലെ ദിവ്യബലിക്കുശേഷം കൊടിയേറ്റ് നടന്നു. 30ന് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ ഇടവകയിലെ മൂന്നു ഡീക്കന്മാർ തിരുപ്പട്ടം സ്വീകരിക്കും. ജനുവരി ഒന്നിന് പ്രസുദേന്തിവാഴ്ചയ്ക്ക് മോൺ. ജോസ് കോനിക്കര മുഖ്യകാർമികത്വംവഹിക്കും. ദേവാലയവും യുഎഇ പ്രവാസികൂട്ടായ്മയും ചേർന്ന് ഒരുക്കുന്ന ബഹുനില പന്തലിന്റെയും ദീപാലങ്കാരത്തിന്റെയും സ്വിച്ച്ഓൺ നടൻ ശിവജി ഗുരുവായൂർ നിർവഹിക്കും. തുടർന്ന് കോട്ടപ്പടി സെലിബ്രേഷൻ കമ്മിറ്റി ഒരുക്കുന്ന ഗാനമേള. രണ്ടിന് രാവിലെ പത്തുമുതൽ കോട്ടപ്പടി സ്റ്റോറീസ് ഒരുക്കുന്ന ബാൻഡ് മത്സരം.
വൈകീട്ട് ആറിന് ദിവ്യബലി, കൂടുതുറക്കൽ ശുശ്രൂഷ, വീടുകളിൽനിന്നുള്ള അമ്പ്, വള ദേവാലയത്തിൽ എത്തും. തുടർന്ന് ബാൻഡ് മത്സരം, തേര് മത്സരം എന്നിവയുണ്ടാകും. തിരുനാൾദിനമായ ജനുവരി മൂന്നിന് രാവിലെ 5.45നും എട്ടിനും ദിവ്യബലി, 10.30ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ജോസ് എടക്കളത്തൂർ മുഖ്യകാർമികനാകും. വൈകിട്ട് നാലിന് വിശുദ്ധ കുർബാന. തുടർന്ന് പ്രദക്ഷിണം, രാത്രി 10ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എടുത്തു വയ്ക്കൽ.
തിരുനാൾദിനത്തിൽ മാത്രം പുറത്തെടുക്കുന്ന പൂർവികർക്കു കണ്ടുകിട്ടിയ വിശുദ്ധ ലാസർ പുണ്യവാന്റെ രൂപം തൊട്ടുവണങ്ങൽ. നാലിന് മരിച്ചവർക്കു വേണ്ടിയുള്ള തിരുക്കർമങ്ങള്‍. വൈകിട്ട് ഏഴിന് യുണൈറ്റഡ് ക്ലബ് സ്പോൺസർ ചെയ്യുന്ന ഗാനമേളയും നടക്കും. ജനറൽ കൺവീനർ വി.കെ. ബാബു, ബിജു മുട്ടത്ത്, ട്രസ്റ്റിമാരായ കെ.പി. പോളി, സെബി താണിക്കൽ, സി.കെ. ഡേവിസ് പിആർഒ ജോബ് സി.ആൻഡ്രൂസ്, ജിജോ ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ചിയ്യാരം ഹോളിഫാമിലി പള്ളി
തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും സംയുക്ത തിരുനാളിനു ഫാ. തോമസ് വടക്കൂട്ട് കൊടിയേറ്റി.
ജനുവരി നാല്, അഞ്ച്, ആറ് തീയതികളിലാണു തിരുനാൾ. നാലിനു രാവിലെ 6.30നു പ്രസുദേന്തി വാഴിക്കൽ, ലദീഞ്ഞ്, നൊവേന, ആഘോഷമായ പാട്ടുകുർബാന എന്നിവയ്ക്കു മേരിമാത മേജർ സെമിനാരി പ്രഫസർ ഫാ. സാജൻ പിണ്ടിയാൻ മുഖ്യകാർമികത്വം വഹിക്കും. തിരുനാൾദിനമായ അഞ്ചിനു രാവിലെ 6.30ന് ആഘോഷമായ പാട്ടുകുർബാന. പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്കു ഫാ. ആൻജോ പുത്തൂർ സിഎംഐ മുഖ്യകാർമികനാകും. ഫാ. ഡേവിസ് പേരാമംഗലം സന്ദേശം നൽകും.
വൈകീട്ട് 5.30ന് പ്രദക്ഷിണം. ഏഴിനു പിണ്ടി തെളിയിക്കൽ, ഫാൻസി വെടിക്കെട്ട്, ബാൻഡ് വാദ്യം. ആറിനു രാവിലെ 6.30നു പൂർവികർക്കുവേണ്ടിയുള്ള ഒപ്പീസ്, വൈകീട്ട് ഏഴിന് തൃശൂർ കലാസദന്റെ ഗാനമേള.
എട്ടാമിടം ദിവസമായ 12നു രാവിലെ 6.30നു ലദീഞ്ഞ്, നൊവേന, ആഘോഷമായ പാട്ടുകുർബാന. വികാരി ഫാ. സാജൻ മാറോക്കി, ജനറൽ കണ്‍വീനർ റോയ് കാച്ചപ്പിള്ളി, കൈക്കാരൻമാരായ ഫ്രാൻസിസ് നെയ്യൻ, ജെയ്സണ്‍ തെക്കൂടൻ, ഗിൽജോ ജോസ് എന്നിവർ നേതൃത്വം നൽകും.
പുതുക്കാട് തെക്കേ തൊറവ് സെന്റ് ആന്റണീസ് പള്ളി
തിരുനാളിന് കൊടിയേറി. ഷി ക്കാഗോ രൂപത മെത്രാന് മാര്‍ ജോയ് ആലപ്പാട്ട് കൊടിയേറ്റംനിര്വഹിച്ചു. തുടര്‍ന്ന് നവനാള്‍ തിരുക്കര്‍മങ്ങള്‍ക്കും മാര്‍ ജോയ് ആലപ്പാട്ട് തുടക്കംകുറിച്ചു. വികാരി ഫാ. ക്രിസ്റ്റോണ്‍ പെരുമാട്ടില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് തെക്കേത്തല, ട്രസ്റ്റിമാരായ ജോയ് നടക്കലാന്, ഐസക് കുറ്റിക്കാടന്‍ എന്നിവര്‍ നേതൃത്വംനല്കി. ജനുവരി അഞ്ച്, ആറ് തീയതികളിലാണ് തിരുനാള്‍.
എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളി
വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന്റെ കൊടിയേറ്റം വികാരി ഫാ. റോയ് ജോസഫ് വടക്കൻ നിർവഹിച്ചു.
അസി. വികാരി ഫാ. ജിയോ വേലുക്കാരൻ, ജനറൽ കൺവീനർ ജെൻസൺ ജെയിംസ്, കൈക്കാരന്മാരായ വർഗീസ് പ്ലാക്കൻ, ജോയ് കുണ്ടുകുളം, ഷാജു താണിക്കൽ, ജോഷി ചിറയത്ത് എന്നിവർ പങ്കെടുത്തു.
വരാക്കര സെന്റ് ആന്റണീസ് പള്ളി
തിരുനാളിന് കൊടിയേറി. ഫാ. ബിജു മാപ്രാണത്തുക്കാരന്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവനടന്നു. വികാരി ഫാ. പ്രിന്‍സ് പിണ്ടിയാന്‍, ആക്ടിംഗ് വികാരി ഫാ. തോമസ് വടക്കേത്തല, ജനറല്‍ കണ്‍വീനര്‍ ദേവസികുട്ടി മാപ്രാണത്തുക്കാരന്‍, കൈക്കാരന്മാരായ ഫ്രാന്‍സിസ് പൊട്ടത്തുപറമ്പില്‍, ആഗസ്തി പൂവത്താനി, വിജു പുതൂര്‍ക്കര എന്നിവര്‍ നേതൃത്വംനല്കി. ജനുവരി അഞ്ച്, ആറ് തീയതികളിലാണ് തിരുനാള്‍.