ചൂലിശേരിയിൽ പുതിയ സബ്സ്റ്റേഷന് 4.53 കോടി
1490492
Saturday, December 28, 2024 6:15 AM IST
മുണ്ടൂർ: വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ചൂലിശേരിയിൽ 33 കെവി സബ് സ്റ്റേഷൻ സ്ഥാപിക്കാൻ 4.53 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
ഇതിനായി ഇലക്ട്രിസിറ്റി ബോർഡിന്റെ ഉടമസ്ഥതയിലുള്ള ചൂലിശേരി പോൾ കാസ്റ്റിംഗ് യാർഡിന്റെ 120 സെന്റ് സ്ഥലം സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി നീക്കിവച്ചിട്ടുണ്ട്.ചൂലിശേരി, മുണ്ടൂർ, അവണൂർ, മെഡിക്കൽ കോളജ്, കുറ്റൂർ, കൊട്ടേക്കാട്, കുന്നത്തുപീടിക പ്രദേശങ്ങളിൽ നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരംകാണാൻ ഇതുവഴി സാധിക്കും.
തൃശൂർ ജില്ലയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വിയ്യൂർ, മുണ്ടൂർ, കൊട്ടേക്കാട്, മെഡിക്കൽ കോളജ് പ്രദേശങ്ങളിലേക്ക് നിലവിൽ വൈദ്യതി എത്തിക്കുന്നത് കൊട്ടേക്കാട് ഫീഡറിൽനിന്നാണ്. ഈ ഫീഡറിൽ നേരിട്ടിരുന്ന ഓവർലോഡും വോൾട്ടേജ് ക്ഷാമവും വേനൽകാലത്ത് ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തുമ്പോഴും മറ്റും ഈ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടാറുമുണ്ട്. ദീർഘകാലമായുള്ള ഈ പ്രശ്നം ഉന്നയിച്ച് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചും വൈദ്യുതിമന്ത്രിക്ക് കത്തുനൽകിയും നടത്തിയ ഇടപെടലുകളിലൂടെയാണ് 33 കെവി സബ് സ്റ്റേഷൻ അനുവദിച്ചത്.
ചൂലിശേരിയിൽ പുതിയതായി 33 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതുവഴി അൻപതിനായിരത്തോളംവരുന്ന വാണിജ്യ, ഗാർഹിക, വ്യവസായിക ഉപഭോക്താക്കൾക്ക് തടസമില്ലാതെ ഗുണനിലവാരമുള്ള വൈദ്യുതി ലഭിക്കും.
മുണ്ടൂർ വേളക്കോട്, അയ്യൻകുന്ന്, അത്താണി വ്യവസായ എസ്റ്റേറ്റുകൾ ഈ പരിധിയിലാണ് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശങ്ങളിൽ ധാരാളം ചെറുകിട വ്യവസായ യൂണിറ്റുകളും പ്രവർത്തിച്ചുവരുന്നുണ്ട്. ആരോഗ്യരംഗത്തും വ്യവസായരംഗത്തും ഈ പ്രദേശങ്ങളിൽനടക്കുന്ന വികസനകുതിപ്പിന് പുത്തൻ ഉണർവുനൽകാൻ പുതിയ സബ്സ്റ്റേഷനാകും. സമഗ്രവികസനം മുന്നിൽകണ്ട് മെഡിക്കൽ കോളജ് കോമ്പൗണ്ടിലും ഒരു 33 കെവി സബ്സ്റ്റേഷൻ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങള് പുരോഗമിക്കുകയാണ്.