പാലയൂർ കരോൾ വിലക്ക്: കേരള കോണ്ഗ്രസ് പ്രതിഷേധിച്ചു, മുഖ്യമന്ത്രിക്കു കത്തുനൽകി
1490502
Saturday, December 28, 2024 6:15 AM IST
തൃശൂർ: പാലയൂർ തീർഥകേന്ദ്രത്തിൽ ക്രിസ്മസ് കരോൾ തടഞ്ഞ പോലീസ് നടപടിയിൽ കേരള കോണ്ഗ്രസ് ജില്ലാ നേതൃത്വം പ്രതിഷേധിച്ചു. ചാവക്കാട് എസ്ഐക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു ചെയർമാൻ പി.ജെ. ജോസഫ് മുഖ്യമന്ത്രിക്കു കത്തു നൽകിയെന്നു ജില്ലാ നേതൃത്വം അറിയിച്ചു.
സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി, ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്, ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ചിറമൽ, ചാവക്കാട് മുനിസിപ്പൽ കൗണ്സിലർ വി.ജെ. ജോയ്സി, ജില്ലാ ജനറൽ സെക്രട്ടറി എൻ.ജെ. ലിയോ, സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി.കെ. തോബിയാസ്, കെടിയുസി ജില്ലാ പ്രസിഡന്റ് വി.ജെ. വർഗീസ് തുടങ്ങിയവർ പാലയൂർ തീർഥകേന്ദ്രത്തിൽ എത്തി ആർച്ച്പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴയുമായി ചർച്ച നടത്തി പിന്തുണ അറിയിച്ചു.
ചാവക്കാട്: പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷത്തിലെ പോലീസ് അതിക്രമത്തിൽ ആർജെഡി നിയോജകമണ്ഡലം പ്രസിഡന്റ് റഹീം വീട്ടിപ്പറമ്പിൽ, ജില്ലാ വൈസ് പ്രസിഡന്റ് പി.ഐ. സൈമൺമാസ്റ്റർ പ്രതിഷേധിച്ചു. പോലീസ് സേനയിലെ ക്രിമിനലുകളെ പിരിച്ചുവിടണമെന്ന് ആർജെഡി ആവശ്യപ്പെട്ടു.
ചാവക്കാട്: പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസും എസ്ഡിപിഐയും ടൗണിൽ പ്രകടനം നടത്തി. പാലയൂർ സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ കോൺഗ്രസ് നടത്താൻ തീരുമാനിച്ചിരുന്ന പോലീസ് സ്റ്റേഷൻ മാർച്ച് മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തെതുടർന്ന് മാറ്റിവച്ചു.
ചാവക്കാട്: പാലയൂർ പള്ളിയിലെ കരോൾഗാനം മുടക്കിയ ചാവക്കാട് എസ്ഐയെ സർവീസിൽനിന്നു മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് എൻസിപി ഗുരുവായൂർ ബ്ലോക്ക് സെക്രട്ടറി എം.കെ. ഷംസുദീൻ ആവശ്യപ്പെട്ടു.
നടപടി വേണമെന്ന് ഉണ്ണിയാടൻ
തൃശൂർ: പാലയൂർ പള്ളിയിൽ ക്രിസ്മസ് ആഘോഷം നിർത്തിവയ്പിച്ച പോലീസ് നടപടി അങ്ങേയറ്റം അപലപനീയമാണെന്നും കർശനമായ നടപടി ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും കേരള കോണ്ഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ. കേരളത്തിൽ ക്രിസ്മസ് നാളുകളിൽ കരോളുകൾക്കും പുൽക്കൂടുകൾക്കും ചില ആഘോഷങ്ങൾക്കുമെതിരേ ഉണ്ടായിട്ടുള്ള അതിക്രമങ്ങൾ ഇതിനുമുൻപ് ഉണ്ടായിട്ടല്ല. ഇനിയും ഇത്തരം അതിക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.