കോട്ടപ്പുറം രൂപതയിൽ 2025 ജൂബിലിക്കു നാളെ തുടക്കം
1490469
Saturday, December 28, 2024 6:01 AM IST
കോട്ടപ്പുറം: ആഗോള കത്തോലിക്കാസഭയിൽ 2025 ജൂബിലിവർഷ ആഘോഷങ്ങളുടെ ഭാഗമായി കോട്ടപ്പുറം രൂപതയിലെ ജൂബിലി ആഘോഷങ്ങൾക്കു നാളെ വൈകീട്ട് നാലിന് ആരംഭം കുറിക്കും. ഇതോടനുബന്ധിച്ചുള്ള തിരുക്കർമങ്ങൾ കോട്ടപ്പുറം മാർക്കറ്റിലെ പുരാതനമായ സെന്റ് തോമസ് കപ്പേളയിൽ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ അരംഭിക്കും.
തുടർന്ന് ബിഷപ്പിന്റെ നേതൃത്വത്തിൽ വൈദികർ, സന്യസ്തർ, സംഘടനാ ഭാരവാഹികൾ, മതാധ്യാപകർ, കുടുംബയൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ ഒന്നുചേർന്ന് ജൂബിലികുരിശു വഹിച്ച് പ്രദക്ഷിണമായി കത്തീഡ്രലിനു മുൻപിലെത്തും. കത്തീഡ്രലിനു മുൻപിൽ നടക്കുന്ന തിരുക്കർമങ്ങൾക്കുശേഷം മുഖ്യകാർമികനായ ബിഷപ് ഡോ. അംബ്രോസ് കത്തീഡ്രലിന്റെ മുഖ്യകവാടം തള്ളിത്തുറന്നശേഷം എല്ലാവരും കത്തീഡ്രലിലേക്കു പ്രവേശിക്കും. തുടർന്ന് ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിക്കു രൂപതയിലെ വൈദികർ സഹകാർമികരാകും.
2025 ഡിസംബർ 28 വരെയാണ് രൂപതാതലത്തിൽ ജൂബിലി ആഘോഷങ്ങൾ നടക്കുക.