ഗവ. മെഡിക്കൽ കോളജിൽ അപൂർവചികിത്സ; ഹൃദയം തുറക്കാതെയുള്ള വാൽവ് മാറ്റിവയ്ക്കൽചികിത്സ വിജയം
1490504
Saturday, December 28, 2024 6:15 AM IST
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയം കീറിമുറിക്കാതെയുള്ള വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം. അക്കിക്കാവ് സ്വദേശിനിയായ 74 വയസുള്ള വീട്ടമ്മയുടെ ശസ്ത്രക്രിയയാണ് വിജയകരമായത്. കിതപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന, ഇടയ്ക്കിടെ ബോധംനഷ്ടപ്പെടൽ എന്നീ ലക്ഷണങ്ങളോടെയാണ് ഇവർ ആശുപത്രിയിലെത്തിയത്. പരിശോധനയിൽ ഹൃദയത്തിനുള്ളിലെ അയോർട്ടിക് വാൽവ് ചുരുങ്ങിയെന്നു കണ്ടെത്തി.
ശരീരത്തിലേക്കുള്ള രക്തം പന്പുചെയ്യുന്പോൾ അയോർട്ടിക് വാൽവിലൂടെ വേണം കടന്നുപോകാൻ. വാൽവ് ചുരുങ്ങുന്നതു രക്തചംക്രമണത്തെ ബാധിക്കും. ഹൃദയം തുറന്നു ചുരുങ്ങിയ വാൽവ് മുറിച്ചുമാറ്റി കൃത്രിമ വാൽവ് ഘടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് പ്രതിവിധി. എന്നാൽ, പ്രായാധിക്യം തടസമായി. സർജറിയല്ലാത്ത ടിഎവിആർ (ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്മെന്റ്) എന്ന ചികിത്സയ്ക്കായി രോഗിയും ബന്ധുക്കളുമായും ചർച്ചചെയ്തു.
കാലിലെ രക്തക്കുഴൽവഴി കത്തീറ്റർ എന്ന ട്യൂബ് കടത്തി, ബലൂണ്‍ ഉപയോഗിച്ചു ചുരുങ്ങിയ വാൽവ് വികസിപ്പിച്ചു മറ്റൊരു കത്തീറ്റർ ട്യൂബിലൂടെ കൃത്രിമവാൽവ് എത്തിച്ചുസ്ഥാപിക്കുകയാണു ചികിത്സ. രക്തധമനി പൊട്ടൽ, ഹൃദയമിടിപ്പു നിലയ്ക്കൽ, രക്തധമനി അടഞ്ഞുപോകൽ, കൃത്രിമ വാൽവ് ഇളകിപ്പോകൽ തുടങ്ങിയ അപകടസാധ്യതകൾ ഇതിനുണ്ട്. രോഗിയുടെ അയോർട്ടിക് വാൽവ് ജന്മനാ വൈകല്യമുള്ളതും കാത്സ്യം അടിഞ്ഞുകൂടി കട്ടിയുള്ളതുമായതു ചികിത്സ സങ്കീർണമാക്കി.
കാർഡിയോളജി വിഭാഗം മേധാവി ഡോ. കരുണ ദാസ്, ഡോ. ആന്റണി പാത്താടൻ, ബിജിലേഷ്, ഹരികൃഷ്ണ, നിതിൻ എന്നിവരും അനസ്തേഷ്യ വിഭാഗത്തിലെ ഡോ. അമ്മിണിക്കുട്ടി, അരുണ്‍ വർഗീസ്, ആതിര, ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വതതിൽ മൂന്നുമണിക്കൂറെടുത്താണു ശസ്ത്രക്രിയ പൂർത്തിയാക്കിയത്. മുന്‍പു പലവട്ടം ടിഎവിആർ ചെയ്ത ഡോ. ഷഫീഖ് മട്ടുമ്മൽ സഹായിക്കാനെത്തി. കാത്ത് ലാബ് ടെക്നീഷൻമാരായ അൻസിയ, അമൃത, നഴ്സുമാരായ ബീന പൗലോസ്, രജനി, മീത്തു എന്നിവരും പങ്കെടുത്തു. ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലെ ഡോ. അഷറഫ് അടിയന്തര ശസ്ത്രക്രിയയ്ക്കും തയാറായിനിന്നു. തുടർപരിശോധനകളിൽ വാൽവ് നന്നായി പ്രവർത്തിക്കുന്നെന്നു കണ്ടെത്തി. രോഗി സുഖം പ്രാപിക്കുന്നെന്നു ഡോക്ടർമാർ പറഞ്ഞു.
ചുരുക്കം ചില ആശുപത്രികളിൽ മാത്രമുള്ള ചികിത്സ തൃശൂർ മെഡിക്കൽ കോളജിൽ ആദ്യമാണ്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ഗവ. മെഡിക്കൽ കോളജുകളിൽ നടത്തിയിട്ടുണ്ട്.