75 എസ്എസ്എല്‍സി ബാച്ചുകളുടെ സംഗമം നാളെ തുമ്പൂരില്‍
1490471
Saturday, December 28, 2024 6:01 AM IST
ഇരിങ്ങാലക്കുട: 1949 മുതല്‍ 2024 വരെയുള്ള 75 എസ്എസ്എല്‍സി ബാച്ചുകളുടെ സംഗമത്തിന് തുമ്പൂര്‍ റൂറല്‍ ഹൈസ്കൂള്‍ നാളെ വേദിയാകും. നാളെ രാവിലെ ഒന്‍പതിന് അസംബ്ലിയോടെ ആരംഭിക്കുന്ന മഹാസംഗമത്തില്‍ മുന്നൂറോളം വിദ്യാര്‍ഥിനികള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര, അധ്യാപക വിദ്യാര്‍ഥി സംഗമം, 1949 മുതലുള്ള എസ്എസ്എല്‍സി ടോപ്പര്‍മാര്‍ക്കുള്ള മെമന്റോ സമര്‍പ്പണം, പൂര്‍വവിദ്യാര്‍ഥികളുടെ കഥാസമാഹാരമായ കുന്നിമണികള്‍, പൂര്‍വ വിദ്യാര്‍ഥികളായ ഇ.ഡി. അഗസ്റ്റിന്റെ അഗസ്ത്യപുരാണം, ജോണ്സണ് ജേക്കബിന്റെ കുപ്രസിദ്ധ കുസൃതി കൊച്ചാപ്പിയും പിന്നെ ഞാനും, സന്ധ്യധര്മന്റെ വനശലഭങ്ങള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനം എന്നിവ നടക്കുമെന്ന് പ്രോഗ്രാം ജനറല്‍കണ്‍വീനറും പൂര്‍വവിദ്യാര്‍ഥിയുമായ തുമ്പൂര്‍ ലോഹിതാക്ഷന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
വൈകീട്ട് അഞ്ചിന് സ്നേഹസന്ധ്യയുടെ ഉദ്ഘാടനം പൂര്‍വവിദ്യാര്‍ഥിയും കാര്‍ഡിയോ സര്‍ജനുമായ സി. ബിനോയ് നിര്‍വഹിക്കും. ചെയര്മാന് സി.വി. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പൂര്‍വവിദ്യാര്‍ഥികളായ മുന്‍ നിയമസഭാ സെക്രട്ടറി ഡോ. എം.സി. വത്സന്, റിട്ട. എസ്പി ആര്.കെ. ജയരാജ്, യൂറോപ്പിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്ത്, ഗായകന് തുമ്പൂര്‍ സുബ്രഹ്മണ്യന്, പി.കെ. കിട്ടന്, സെന്‍ട്രല്‍ സംസ്കൃത യൂനിവേഴ്സിറ്റി റിട്ട. ഫിനാന്‍സ് ഓഫീസര്‍ ശൈലജ പി. മേനോന്, അഭി തുമ്പൂര്‍, സെബിള്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് തൃശൂര്‍ ഗാലക്സിയുടെ മെഗാഷോയും വര്‍ണമഴയും അരങ്ങേറും. കുട്ടികള്‍ക്ക് ലൈബ്രറി പുസ്തക വിതരണം, വാട്ടര്‍ പ്യൂരിഫയര്‍ സമര്‍പ്പണം, ഫുട്ബാള്‍ കോച്ചിംഗ് ക്യാമ്പ്, ടൂര്‍ണമെന്റ്്, പ്രാദേശികചരിത്ര മ്യൂസിയം, ഉല്ലാസയാത്രകള്‍, ശ്രമദാന പ്രവര്‍ത്തനങ്ങള്‍ എന്നിവയും നേരത്തേ സംഘടിപ്പിച്ചിരുന്നു. പൂര്‍വ വിദ്യാര്‍ഥി സംഘടനാ എക്സിക്യൂട്ടീവ് അംഗങ്ങളായ സി. മുകുന്ദന്, എം.ആര്. സന്തോഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.