തൃശൂർ-തലോർ പഴയ ദേശീയപാത: കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്
1490506
Saturday, December 28, 2024 6:15 AM IST
തൃശൂർ: തൃശൂർ-തലോർ പഴയ ദേശീയപാതയിൽ ചീരാച്ചി മുതൽ തലോർ ജംഗ്ഷൻവരെയുള്ള ഇരുവശങ്ങളിലെയും പാലയ്ക്കൽവഴിയുള്ള ഒല്ലൂർ- കൊടുങ്ങല്ലൂർ റോഡിലെയും കൈയേറ്റങ്ങൾ പൊളിക്കാൻ ഹൈക്കോടതി ഉത്തരവ്.
കൈയേറ്റങ്ങൾ പൊളിക്കണമെന്നും ഇരുവശങ്ങളിലെയും യഥാർഥ അതിർത്തികളിൽ കാനകളും നടപ്പാതകളും നിർമിക്കണമെന്നും ആവശ്യപ്പെട്ടു ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ജില്ലാ സെക്രട്ടറി ബാബു ജോസഫ് പുത്തനങ്ങാടി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. കൈയേറ്റങ്ങൾ ഒഴിവാക്കി ജനങ്ങളുടെ സുരക്ഷിതയാത്രയ്ക്കു വഴിയൊരുക്കണമെന്ന് എതിർകക്ഷികളായ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ, ജില്ലാ കളക്ടർ എന്നിവരോട് ഉത്തരവിൽ നിർദേശിച്ചു.
കൈയേറ്റങ്ങളെത്തുടർന്ന് തൃശൂർ- തലോർ ദേശീയപാത ബൈപാസ് ജംഗ്ഷനിലേക്ക് ഒല്ലൂർവഴി പഴയ ദേശീയപാതയിലൂടെയുള്ള യാത്ര അപകടയാത്രയായിട്ടു വർഷങ്ങളായി. നിരവധി ബ്ലാക്ക് സ്പോട്ടുകൾ ഈ റോഡിലുണ്ടെന്നു സർവേയിൽ കണ്ടെത്തിയിരുന്നു. വർഷങ്ങൾക്കുമുന്പ് എം.എസ്. ജയ തൃശൂർ ജില്ലാ കളക്ടറായിരുന്നപ്പോൾ കൈയേറ്റങ്ങൾ സർവേ നടത്തി രേഖപ്പെടുത്തി പൊളിച്ചുമാറ്റിയിരുന്നു. 22 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കാനും കളക്ടർ നിർദേശം നൽകി. എന്നാൽ, ബാഹ്യ ഇടപെടലിനെത്തുടർന്ന് ഇടയ്ക്കു മുടങ്ങി. അന്നു തയാറാക്കിയ റിപ്പോർട്ടുകളും രേഖാചിത്രങ്ങളുമടക്കം ഹർജിക്കാരൻ ഹൈക്കോടതിയിൽ ഹാജരാക്കി.
കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്കു ഒരു പതിറ്റാണ്ട് പഴക്കമുണ്ട്. ചീരാച്ചിമുതൽ ഒല്ലൂർ വ്യവസായ എസ്റ്റേറ്റ് വരെ റോഡ് വീതികൂട്ടാൻ ആദ്യം ഉദ്യോഗസ്ഥർ നടത്തിയ സർവേ ഒത്തുകളിയെന്നു കണ്ടെത്തിയതു കളക്ടർതന്നെയാണ്. ഒല്ലൂർ ജംഗ്ഷൻ ഉൾപ്പെടെ എടക്കുന്നി വില്ലേജ് പരിധിയിൽ ഒരിടത്തും പുറന്പോക്കുഭൂമിയില്ലെന്നായിരുന്നു ആദ്യം കണ്ടെത്തിയത്.
2004ലെ തിരുത്തുവരുത്തിയ സ്കെച്ചാണ് ഇതിനായി ഉപയോഗിച്ചതെന്നു കളക്ടർ കണ്ടെത്തിയതോടെ കർശനനിർദേശം നൽകി. 22 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്താൽപോലും ഭൂമി ഏറ്റെടുക്കേണ്ടിവരില്ലെന്നും കണ്ടെത്തി. ഒല്ലൂർ വില്ലേജിന്റെ പരിധിയിൽ ക്രിസ്റ്റഫർനഗർ, കന്പനിപ്പടിമുതൽ പനംകുറ്റിച്ചിറ കുളംവരെയുള്ള 29 ഇടങ്ങളിൽ കൈയേറ്റം കണ്ടെ അന്നുതന്നെ അടയാളപ്പെടുത്തുകയും ചെയ്തെങ്കിലും ഒഴിപ്പിക്കൽ നീണ്ടുപോകുകയായിരുന്നു.
സ്വന്തം ലേഖകൻ