കലാ രാജുവിനെതിരെ സ്ത്രീകളുടെ പ്രതിഷേധം
1587836
Saturday, August 30, 2025 4:57 AM IST
കൂത്താട്ടുകുളം: കുടുംബശ്രീ അംഗങ്ങളുടെ പേരിൽ വായ്പയെടുത്ത് കലാ രാജു ലക്ഷങ്ങൾ തട്ടിയെന്ന് ആരോപിച്ച് ഏതാനും സ്ത്രീകൾ പ്രതിഷേധം നടത്തി. എൽഡിഎഫ് വിട് കലാ രാജു യുഡിഎഫ് നഗരസഭാ അധ്യക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്നതിനിടെയാണ് സ്ത്രീകൾ പ്രതിഷേധവുമായി എത്തിയത്. ബാധ്യത തുക യുഡിഎഫ് ഏറ്റെടുത്ത് തങ്ങളെ ജപ്തി നടപടികളിൽനിന്നും ഒഴിവാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഡിസംബർ 31ന് മുമ്പ് കുടുംബശ്രീ അംഗങ്ങളുടെ പേരിൽ എടുത്ത ലക്ഷങ്ങളുടെ വായ്പാ കുടിശിക അടച്ചു തീർക്കാമെന്ന് കലാ രാജു കൂത്താട്ടുകുളം പോലീസിൽ ഉറപ്പു നൽകിയ രേഖകളുമായാണ് ഇവരെത്തിയത്.
കലാ രാജുവിന്റെ സ്വന്തം വാർഡിലെ ഓണംകുന്ന് കുടുംബശ്രീയിലെ അംഗങ്ങളുടെ പേരിൽ രണ്ട് ബാങ്കുകളിലായി വായ്പയെടുത്ത 13.20 ലക്ഷം രൂപ കുടിശികയായിരുന്നു. പലിശയടക്കം 16 ലക്ഷത്തിലേറെയായി. വായ്പ എടുത്ത എല്ലാവർക്കും ജപ്തി നോട്ടീസ് വന്നു. വായ്പയിൽ ജപ്തി നടപടികൾ നേരിടുന്ന 17 വനിതകൾ കഴിഞ്ഞ നവംബർ 27നാണ് കൂത്താട്ടുകുളം പോലീസിൽ പരാതി നൽകിയത്.
ഓണംകുന്ന് നഗറിലെ മൂന്നും, അഞ്ചും സെന്റ് സ്ഥലത്തെ ചെറിയ വീടുകളിൽ താമസിക്കുന്ന തങ്ങൾ രേഖയിൽ ഒപ്പിട്ടതല്ലാതെ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് ഇവർ പറയുന്നു. ഇതിൽ കാനറ ബാങ്കിലെ കുടിശിക 2024 ഡിസംബർ 31ന് മുമ്പ് തീർക്കാമെന്നും, ബാക്കി തുക ജനുവരിയോടെ തീർക്കാമെന്നും കൂത്താട്ടുകുളം സിഐ മുമ്പാകെ കലാ രാജു ഉറപ്പു നൽകിയിരുന്നതായി കുടുംബശ്രീ അംഗം ഇ.കെ. ബിന്ദു പറഞ്ഞു.