ക്ഷീര കർഷകർക്കുള്ള ഇൻസെന്റീവ് ഉയർത്തണം: ആപ്കോസ് അസോ.
1587831
Saturday, August 30, 2025 4:57 AM IST
വാഴക്കുളം: ക്ഷീരകർഷകർക്ക് സംഘങ്ങളിൽ അളക്കുന്ന മുഴുവൻ പാലിനും ഇൻസെന്റീവ് നൽകണമെന്നും നിലവിൽ ലഭിക്കുന്ന മൂന്നു രൂപ നിരക്ക് അപര്യാപ്തമായതിനാൽ നിരക്ക് വർധിപ്പിക്കണമെന്നും മൂവാറ്റുപുഴ ആപ്കോസ് അസോസിയേഷൻ പ്രസിഡന്റ് റിജു സെബാസ്റ്റ്യൻ, സെക്രട്ടറി പയസ് മാതേയ്ക്കൽ എന്നിവർ ആവശ്യപ്പെട്ടു. നിലവിലുള്ള പരമാവധി 40,000 രൂപയെന്ന ഇൻസെന്റീവ് പരിധി ഒഴിവാക്കി അളക്കുന്ന മുഴുവൻ പാലിനും ഇൻസെന്റീവ് വേണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മിൽമ എറണാകുളം മേഖലാ യൂണിയൻ ആറു മാസക്കാലയളവിൽ അളന്ന മുഴുവൻ പാലിനും കർഷകർക്ക് ലിറ്ററിന് എട്ടു രൂപ വരെ ഇൻസെന്റീവ് നൽകിയിരുന്നതായി അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഉത്പാദന ചെലവിന് ആനുപാതികമായി വരുമാനം ലഭിക്കാത്തതിനാൽ ക്ഷീരമേഖലയിലെ കർഷകർ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഏറ്റവും ഒടുവിലായി പാൽ വില വർധിപ്പിച്ചത് മൂന്നുവർഷം മുമ്പാണ്.
പാലുത്പാദനവും സംഘങ്ങളിലെത്തുന്ന പാൽ അളവും കുറഞ്ഞതോടെ പല ക്ഷീരസംഘങ്ങളുടെയും നിലനിൽപ്പുതന്നെ അവതാളത്തിലായതായും ഇവർ ചൂണ്ടിക്കാട്ടി. ജില്ലയിലെ 330 ഓളമുള്ള ക്ഷീരസംഘങ്ങൾ വഴി 2021-22 വർഷത്തിൽ ശരാശരി 1.42 ലക്ഷം ലിറ്റർ പാൽ പ്രതിദിനം അളന്നിരുന്നത് 2023ൽ 1.37 ലക്ഷം ലിറ്ററായി കുറഞ്ഞു.
2024ൽ അത് 1.19 ആയും, കഴിഞ്ഞ സാമ്പത്തിക വർഷം 1.02 ആയും കുറഞ്ഞു. മൂന്നു വർഷത്തിനുള്ളിൽ ശരാശരി ഉത്പാദനം 28 ശതമാനം കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഇതിനു പരിഹാരമായി സംസ്ഥാനത്തിനകത്തു തന്നെ കന്നുകുട്ടി വളർത്തൽ പദ്ധതികൾ വിപുലപ്പെടുത്തണമെന്നും കർഷകർ ആവശ്യപ്പെട്ടു.