കിഴക്കന്‍ മലയോരത്ത് പുലിയിറങ്ങി
1575774
Monday, July 14, 2025 11:54 PM IST
കോട്ടയം: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പമ്പ മലയോര ഗ്രാമങ്ങള്‍ പുലിപ്പേടിയില്‍. കോട്ടയം-പത്തനംതിട്ട ജില്ലാ അതിര്‍ത്തിയില്‍ പമ്പാവാലി, ഏഞ്ചല്‍വാലി, ചാത്തന്‍തറ, നിരവ് പ്രദേശങ്ങളില്‍ ഏറെക്കാലമായി പുലി സാന്നിധ്യമുണ്ട്.
ചാത്തന്‍തറയ്ക്ക് സമീപം താന്നിക്കാക്കുഴിയില്‍ ഇന്നലെ രാവിലെ ടാപ്പിംഗിനെത്തിയവർ പുലിയെ കണ്ട് ഭയന്നോടി. വനപാലകരെത്തി നടത്തിയ പരിശോധയില്‍ പുലിയുടെ കാല്പാദ അടയാളങ്ങള്‍ കണ്ടെത്തി. ഇന്നലെ കണ്ടത് കടുവയാണെന്നും ആശങ്കയുണ്ട്.
പമ്പ വനാതിര്‍ത്തിയില്‍ കടുവയുടെ സാന്നിധ്യം മുന്‍പും കണ്ടിരുന്നു. ജനവാസമേഖലയില്‍ പുലിയിറങ്ങിയതോടെ പുലിയെ കൂട്ടിലാക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ സാന്നിധ്യം പതിവാണ്.
കാടുകയറിയ റബര്‍ തോട്ടങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമാണ്. കോരുത്തോട്, മതമ്പ പ്രദേശങ്ങളിലും വന്യമൃഗശല്യം രൂക്ഷമാണ്.