തിരുനക്കരയില്‍നിന്ന് ഒഴിപ്പിച്ച വ്യാപാരികളുടെ പുനരധിവാസം : കോടതി പറഞ്ഞിട്ടും നടപടിയെടുക്കാതെ നഗരസഭ
1575721
Monday, July 14, 2025 7:21 AM IST
കോട്ടയം: തിരുനക്കരയില്‍നിന്നും ഒഴിപ്പിച്ച വ്യാപാരികള്‍ക്കു താത്കാലിക പുനരധിവാസം നല്കാന് കോടതി ഉത്തരവിട്ടിട്ടും തുടര്‍നടപടിയെടുക്കാതെ നഗരസഭ. 2022 ഓഗസ്റ്റ് മൂന്നിനാണ് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍നിന്നു 52 വ്യാപാരികളെ ഒഴിപ്പിച്ചത്. കഴിഞ്ഞമാസം 17നാണ് ഹൈക്കോടതി ഉത്തരവ് വന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വ്യാപാരികളും മര്‍ച്ചന്റ്സ് അസോസിയേഷനും സെക്രട്ടറിക്ക് കത്തു നല്‍കിയിരുന്നു.
സ്റ്റാന്‍ഡില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന താത്കാലിക ഷെഡിന്റെ പ്ലാനും സെക്രട്ടറിക്കു കൈമാറി. മൂന്നുമീറ്റര്‍ വീതിയിലും മൂന്നുമീറ്റര്‍ നീളത്തിലും ഇരുമ്പു ഷീറ്റിട്ട താത്കാലിക കടമുറികളാണ് സ്ഥാപിക്കുക. വിഷയത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് 17ന് കോടതിയെ അറിയിക്കണം. എന്നാല്‍, ഇതുവരെ കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല.
കെട്ടിടം പൊളിക്കുന്നതിനുമുമ്പ്, 2022 നവംബര്‍ 10നു ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ സ്റ്റാന്‍ഡില്‍ താത്കാലിക കടമുറികള്‍ നിര്‍മിക്കാന്‍ അനുമതി നല്കാന് കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കെട്ടിടം പൊളിച്ചുകഴിഞ്ഞപ്പോള്‍ അധികൃതര്‍ ഇക്കാര്യം മറന്നു. കൗണ്‍സില്‍ തീരുമാനം നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി തിരുനക്കര മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് മര്‍ച്ചന്റ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്.
കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്ത് വ്യാപാരികളുടെ ചെലവില്‍ ഷെഡ് നിര്‍മിക്കാമെന്നും പുതിയ കെട്ടിടം വരുമ്പോള്‍ സ്വന്തം ചെലവില്‍ത്തന്നെ ഷെഡ് നീക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശം.
ഒഴിപ്പിച്ച വ്യാപാരികളില്‍ ഭൂരിഭാഗവും വഴിയാധാരമാണ്. 2022 ഓഗസ്റ്റ് മൂന്നിനാണ് കെട്ടിടത്തിലെ 52 കടകള്‍ ഒഴിപ്പിച്ചത്. ഇതില്‍ അഞ്ചുപേര്‍ക്കും ഒരു ബാങ്കിനും നാഗമ്പടത്ത് കടമുറി അനുവദിച്ചു. ഒരാള്‍ മരിച്ചു. രണ്ടുപേര്‍ കടമുറി വേണ്ടെന്നു പറഞ്ഞു. ബാക്കി 37 പേര്‍ക്കുവേണ്ടിയാണ് കോടതിയില്‍ പോയത്. സെപ്തംബര്‍ 14നാണ് കെട്ടിടം പൊളിക്കല്‍ ആരംഭിച്ചത്.