റബര്‍വില വീണ്ടും 210 രൂപയിലേക്ക്
1575775
Monday, July 14, 2025 11:54 PM IST
കോട്ടയം: ആഭ്യന്തര ഉത്പാദനം നാമമാത്രമായതോടെ റബര്‍ ഷീറ്റ് വില വീണ്ടും മെച്ചപ്പെട്ടു. ആര്‍എസ്എസ് നാല് ഗ്രേഡിന് 207.50, ഗ്രേഡ് അഞ്ചിന് 203.50 രൂപയാണ് ഇന്നലെ റബര്‍ ബോര്‍ഡ് പ്രഖ്യാപിത നിരക്ക്. ഡീലര്‍മാര്‍ 206 രൂപയ്ക്കുവരെ കര്‍ഷകരില്‍നിന്ന് ചരക്ക് വാങ്ങി. ചില കമ്പനികള്‍ 210 രൂപയ്ക്ക് ഡീലര്‍മാരില്‍നിന്ന് ഷീറ്റ് വാങ്ങാന്‍ തയാറായി.
കഴിഞ്ഞ വര്‍ഷം ജൂലൈ 14നും ഇതേ തോതിലായിരുന്നു വില. വരുംദിവസങ്ങളിലും ഷീറ്റ് വില ഉയരാനാണ് സാഹചര്യം. വ്യവസായികള്‍ക്ക് ചരക്ക് കിട്ടാനില്ലെന്നതാണ് വില കയറാനുള്ള കാരണം. ലാറ്റക്സ് വിലയിലും ഗണ്യമായ കയറ്റമുണ്ട്. ഫാക്ടറികളില്‍ ലാറ്റക്സ് സ്റ്റോക്ക് തീരെ കുറവാണ്.
മുന്‍നിര കമ്പനികള്‍ തമിഴ്നാട്ടില്‍ നിന്നും ലാറ്റക്സ് എത്തിക്കാന്‍ തുടങ്ങി. ഒട്ടുപാല് വില 137 രൂപയിലെത്തി. റബര്‍ ആഭ്യന്തര ഡിമാന്‍ഡ് അടുത്ത വര്‍ഷം 17 ലക്ഷം ടണ്ണിലേക്ക് ഉയരുമെന്നാണ് വ്യവസായികളുടെ കണക്കൂകൂട്ടല്‍.