ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം നാളെ
1575785
Monday, July 14, 2025 11:54 PM IST
കിടങ്ങൂര്‍: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ചാമത്തേതും പമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തേതുമായ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം നാളെ 2.30ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനു അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ താക്കോല്‍ദാനവും ഉപകരണങ്ങള്‍ കൈമാറലും നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ഡോ. മേഴ്സി ജോണ്‍, അശോക് കുമാര്‍ പൂതമന, വൈസ് പ്രസിഡന്റ് ടീന മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 20 ലക്ഷം രൂപയും പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെയും കിടങ്ങൂര്‍ പഞ്ചായത്തിന്റെയും അഞ്ചു ലക്ഷം രൂപ വീതവും ഉൾപ്പെടെ 30 ലക്ഷം രൂപ ഉപയോഗിച്ചാണ് റീഹാബിലിറ്റേഷന്‍ സെന്ററിന് ആവശ്യമായ കെട്ടിടം നിര്‍മിച്ചത്. കുടുംബശ്രീ ജില്ലാ മിഷന് മുഖേന 12.5 ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകളും ലഭ്യമായി.
കുമ്മണ്ണൂര്‍ സാംസ്കാരിക നിലയത്തിനു സമീപമുള്ള പഞ്ചായത്തുവക സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.
കിടങ്ങൂര്‍ പഞ്ചായത്ത് പ്രദേശത്തെയും സമീപപ്രദേശങ്ങളിലെയും ഭിന്നശേഷിക്കാരായ ആളുകളുടെ അഭയകേന്ദ്രം എന്ന നിലയിലേക്ക് ഈ സെന്റര്‍ മാറും. പ്രായവ്യത്യാസമില്ലാതെ ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് ഈ സെന്ററിന്റെ ഗുണഭോക്താക്കളായി മാറുവാന്‍ സാധിക്കും. രാവിലെ പത്തുമുതല്‍ നാലുവരെയാണ് സെന്ററിന്റെ പ്രവര്‍ത്തനം.