കോഴിമാലിന്യങ്ങൾ സംസ്കരിക്കാനുള്ള റെൻഡറിംഗ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
1575783
Monday, July 14, 2025 11:54 PM IST
പാറത്തോട്: കോഴിമാലിന്യങ്ങൾ സംസ്കരിക്കാനുള്ള ജില്ലയിലെ ആദ്യത്തെ റെൻഡറിംഗ് യൂണിറ്റ് പാറത്തോട് അഞ്ചിലവിൽ പ്രവർത്തനമാരംഭിച്ചു. തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
റെൻഡറിംഗ് യൂണിറ്റുകൾ ആരംഭിച്ചതോടെ കേരളത്തിൽ കോഴിമാലിന്യങ്ങൾ മൂലം വഴി നടക്കാൻ കഴിയാതിരുന്ന സ്ഥിതിക്ക് മാറ്റം വന്നതായി അദ്ദേഹം പറഞ്ഞു. ടൺകണക്കിന് കോഴിമാലിന്യങ്ങൾ വഴിനീളെ നിക്ഷേപിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതിന് പരിഹാരം കാണാനാണ് സർക്കാർ റെൻഡറിംഗ് പ്ലാന്റുകൾ പബ്ലിക്, പ്രൈവറ്റ് പാർട്ടിസിപ്പേഷൻ അടിസ്ഥാനത്തിൽ ആരംഭിക്കാൻ തീരുമാനിച്ചതെന്നും ഇന്ന് കേരളത്തിലാകെ 42 റെൻഡറിംഗ് പ്ലാന്റുകൾ ആരംഭിക്കാൻ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.
സമ്മേളനത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് കുക്കർ സ്വിച്ച്ഓൺ കർമം നിർവഹിച്ചു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ബ്ലോക്ക് പഞ്ചായത്തംഗം സാജൻ കുന്നത്ത്, സിനിൽ വി. മാത്യു, ബോണി വി. സെബാസ്റ്റ്യൻ, മാർട്ടിൻ ഡേവിഡ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാന ശുചിത്വമിഷന്റെ അംഗീകാരത്തോടെയാണ് യുണൈറ്റഡ് റെൻഡറിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
കോഴിമാലിന്യങ്ങൾ സംസ്കരിച്ച് വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണവും കൃഷിക്കുള്ള വളവുമാക്കി മാറ്റുകയാണ് ഇവിടെ ചെയ്യുന്നത്.