പാലാ ജനറല്‍ ആശുപത്രി: ചോദ്യങ്ങളില്‍നിന്ന് മുനിസിപ്പല്‍ ഭരണസമിതി ഒളിച്ചോടുന്നതായി പ്രതിപക്ഷം
1575787
Monday, July 14, 2025 11:54 PM IST
പാലാ: ജനറല്‍ ആശുപത്രിയിലെ കെട്ടിടങ്ങള്‍ക്ക് നമ്പരും അഗ്നിരക്ഷാസേനയുടെ എന്‍ഒസിയും ഉണ്ടോ എന്ന ചോദ്യത്തിന് തുടര്‍ച്ചയായ രണ്ടാം കൗണ്‍സില്‍ യോഗത്തിലും മറുപടി പറയാതെ ഭരണപക്ഷത്തിന്റെ ഒളിച്ചുകളി.
കഴിഞ്ഞയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ഇതുമായി ബന്ധപ്പെട്ട് ചോദ്യമുയര്‍ത്തിയപ്പോള്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ പരിശോധിച്ചു പറയാം എന്ന മറുപടിയാണ് സെക്രട്ടറി നല്‍കിയത്. തുടര്‍ന്ന് ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ നേതാവ് പ്രഫ. സതീശ് ചൊള്ളാനി ഈ വിഷയം ഉന്നയിച്ചപ്പോള്‍ കൗണ്‍സിലില്‍ അജൻഡയ്ക്ക് പുറത്തുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന സാങ്കേതികത്വം പറഞ്ഞ് അധികൃതരും ഭരണസമിതിയും ചെയര്‍മാനും ഒഴിഞ്ഞുമാറുകയായിരുന്നു.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ ജനറല്‍ ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. സാങ്കേതികത്വത്തിന്റെ മറവില്‍ മൗനം പാലിക്കാതെ യാഥാര്‍ഥ്യം തുറന്നു പറയാനുള്ള ആര്‍ജവം ചെയര്മാനുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലാ ജനറല്‍ ആശുപത്രിയിലെ കെട്ടിടങ്ങള്‍ക്ക് അഗ്നിരക്ഷാസേന എന്‍ഒസി ഇല്ല എന്നതടക്കമുള്ള വിഷയങ്ങള്‍ പുറത്തുവന്നിട്ട് ദിവസങ്ങളായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും പ്രതികരണവും ഉണ്ടായിട്ടില്ല. വിഷയത്തില്‍ ശക്തമായ തുടര്‍ സമരങ്ങള്‍ സംഘടിപ്പിക്കാനും പ്രതിപക്ഷം തീരുമാനിച്ചു.
സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണം:
കേരള കോണ്‍ഗ്രസ്
പാലാ: കഴിഞ്ഞ ഏഴു വര്‍ഷമായി ഫയര്‍ സേഫ്റ്റി ഉറപ്പാക്കാതെ ജനറല്‍ ആശുപത്രി കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കാനിടയായ കാര്യം സമഗ്രമായി അന്വേഷിച്ച് അപാകതകള്‍ കണ്ടെത്തി പരിഹരിച്ച് രോഗികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ് ആവശ്യപ്പെട്ടു. പാര്‍ട്ടി നിയോജകമണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രി നിര്‍മാണത്തിലും ഇലക്ട്രിക് വര്‍ക്കിലും കണ്ടെത്തിയിരിക്കുന്ന അപാകതകള്‍ ഉടന്‍ പരിഹരിക്കണമെന്നും ആശുപത്രിവക സ്ഥലം അളന്ന് അതിരുകള്‍ സ്ഥാപിച്ചു കൈയേറ്റം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ ജോസഫ്, തോമസ് ഉഴുന്നാലില്‍, ജയിംസ് മാത്യു തെക്കേല്‍, മൈക്കിള്‍ പുല്ലുമാക്കല്‍, തങ്കച്ചന് മണ്ണൂശേരി, ഷിബു പൂവേലില്‍, മത്തച്ചന് പുതിയിടത്തുചാലില്‍, ജോയി കോലത്ത്, ജോബി കുറ്റിക്കാട്ട്, ജോഷി വട്ടക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.