റാബീസ് ഫ്രീ കോട്ടയം പദ്ധതി ഊര്‍ജിതമാക്കി മൃഗസംരക്ഷണ വകുപ്പ്
1575773
Monday, July 14, 2025 11:54 PM IST
കോട്ടയം: തെരുവുനായ ശല്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ റാബീസ് ഫ്രീ കോട്ടയം പദ്ധതി ഊര്‍ജിതമാക്കി മൃഗസംരക്ഷണ വകുപ്പ്. കംപാഷിന് ഫോര്‍ ആനിമല്‍ വെല്‍ഫെയര്‍ അസോസിയേഷന് എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നു കഴിഞ്ഞ രണ്ടു വര്‍ഷമായി തെരുവുനായ്ക്കള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത 23 തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ പേവിഷബാധ പ്രതിരോധ കുത്തിവയ്പ് സാമ്പൂര്ണമായി ചെയ്യുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.
കോട്ടയം നഗരസഭയില്‍ 727 തെരുവുനായ്ക്കളെയും ഏറ്റുമാനൂര്‍ നഗരസഭയില്‍ 271 തെരുവുനായ്ക്കളെയും ഇതിനോടകം പ്രതിരോധ കുത്തിവയ്പിനു വിധേയമാക്കി. കുമരകത്ത് 209 നായ്ക്കളെയും അയ്മനത്ത് 310 തെരുവുനായ്ക്കളെയും കുത്തിവയ്പിനു വിധേയമാക്കി.
സിഎഡബ്ല്യുഎയുടെ വാക്സിനേഷന് ടീം ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും ഹോട്ട് സ്പോട്ടുകള്‍ ഐഡന്റിഫൈ ചെയ്തു കൃത്യമായ രീതിയില്‍ തെരുവു നായ്ക്കളെ പിടിച്ച് വാക്സിനേഷന് ചെയ്തു താത്കാലികമായ ഐഡന്റിഫിക്കേഷന്‍ മാര്‍ക്കുമിട്ട് ലൊക്കേഷന്‍ സ്ഥിരീകരിച്ച് ഡേറ്റാബേസ്, ഡബ്ല്യുവിഎസ് എന്നു പറയുന്ന ആപ്പില്‍ ശേഖരിച്ചാണു പ്രതിരോധ കുത്തിവയ്പ് നടത്തുന്നത്.
ഇതിനായി ഒരു വാഹനവും ഡോഗ് ക്യാച്ചിംഗ് ഉപകരണങ്ങളും വാക്സിനേഷന് ടീമിനു നല്‍കിയിട്ടുണ്ട്. തെരുവു നായ്ക്കളില്‍നിന്നാണ് 90 ശതമാനം പേവിഷബാധ ഏല്‍ക്കുന്നത് എന്നതിനാല്‍ ഈ പദ്ധതിക്ക് വലിയ പ്രസക്തിയാണുള്ളത്. പദ്ധതിയോടൊപ്പം എബിസി പദ്ധതിയും നടന്നു വരുന്നുണ്ട്.
ഇതോടെ അനിയന്ത്രിതമായ തെരുവുനായ ശല്യത്തിനു പരിഹാരമാകുമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രതീക്ഷ. നായ്ക്കള്‍ക്ക് കുത്തിവയ്പ് നല്കുന്നതിനു പുറമേ പൊതുജന ബോധവത്കരണത്തിന്റെ ഭാഗമായി സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പേവിഷബാധയെ ഏതു രീതിയില്‍ പ്രതിരോധിക്കാമെന്നും നായ്ക്കളുടെ കടിയില്‍നിന്നും എങ്ങനെ രക്ഷപ്പെടാമെന്നും കടിയേറ്റു കഴിഞ്ഞാല്‍ അടിയന്തരമായി സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷാ മാര്‍ഗങ്ങളെക്കുറിച്ചും ക്ലാസും നടത്തുണ്ട്.
ഇതിന്റെ ഭാഗമായി 356 സെഷനുകളിലായി 10,515 കുട്ടികള്‍ക്ക് ബോധവത്കരണം ഇതിനോടകം നടത്തി. 96 കമ്യൂണിറ്റി ബോധവത്കരണ സെഷനുകളിലായി 6,145 പേരും പങ്കെടുത്തു. പദ്ധതിയിലൂടെ തെരുവുനായ്ക്കളെ പൂര്‍ണമായും പേവിഷബാധയില്നിന്നും സംരക്ഷിക്കാന്‍ സാധിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.കെ. മനോജ്കുമാര്‍ പറഞ്ഞു.