ചാത്തൻതറയിൽ പുലി, പമ്പാവാലിയിൽ കാട്ടാന; മലയോരം ഭീതിയിൽ
1575739
Monday, July 14, 2025 10:37 PM IST
കണമല: പത്തനംതിട്ട, കോട്ടയം ജില്ലകളുടെ അതിർത്തിയിലെ ചാത്തൻതറ താന്നിക്കാപുഴയിലെ റബർത്തോട്ടത്തിൽ ടാപ്പിംഗ് തൊഴിലാളി കണ്ടത് പുലിയെ ആണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതോടെ കടുത്ത ഭീതിയിലും ആശങ്കയിലും നാട്ടുകാർ. പമ്പാവാലി, മൂക്കൻപെട്ടി, അരുവിക്കൽ മേഖലയിൽ ജനവാസ പ്രദേശത്ത് നാട്ടുകാർ ആനകൾ കാടിറങ്ങി എത്തുന്നതിന്റെ ഭീതിയിലാണ്.
ചാത്തൻതറ താന്നിക്കാപുഴയിലെ റബർത്തോട്ടത്തിൽ പുലിയെ പിടികൂടാൻ ഇന്ന് കൂട് സ്ഥാപിക്കുമെന്ന് ഇന്നലെ സ്ഥലം സന്ദർശിച്ച റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയൻ പറഞ്ഞു.
ടാപ്പിംഗ് തൊഴിലാളി കക്കുടുമണ്ണ് സ്വദേശി രാജനാണ് ഇന്നലെ രാവിലെ റബർ മരം ടാപ്പ് ചെയ്യുന്നതിനിടെ തൊട്ടടുത്ത പറമ്പിലായി പുലിയെ കണ്ടത്. കിടക്കുകയായിരുന്ന പുലി എഴുന്നേറ്റുനിന്ന് നോക്കുന്നത് കണ്ട് താൻ ഓടി രക്ഷപ്പെട്ടന്ന് രാജൻ പറഞ്ഞു.
റേഞ്ച് ഓഫീസർ ബി.ആർ. ജയന്റെ നേതൃത്വത്തിൽ രാജൻ കാണിച്ച സ്ഥലം പരിശോധിച്ചപ്പോൾ കാൽപ്പാടുകൾ കണ്ടെത്തി. ഇത് പുലിയുടെ കാൽപ്പാടുകളാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതോടെയാണ് കൂട് സ്ഥാപിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി പത്തനംതിട്ട ഡിഎഫ്ഒ മുഖേനെ തേടിയത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് അനുമതി ലഭിച്ചത്. ഇതോടെ ഇന്നു രാവിലെ കൂട് സ്ഥാപിക്കുന്ന ജോലികൾ ആരംഭിക്കും. പുലിയെ കണ്ട സ്ഥലത്തിന് അടുത്ത് വനമാണ്. ഇവിടെ നിന്നാണ് പുലി നാട്ടിൽ എത്തിയതെന്ന് കരുതുന്നു. വനത്തിനോടു ചേർന്നുള്ള ഭാഗത്താണ് കൂട് സ്ഥാപിക്കുക. ഈ പ്രദേശത്തേക്ക് ആളുകൾ എത്തരുതെന്ന് ഇന്നലെ വനംവകുപ്പ് മുന്നറിയിപ്പ് നൽകി.
പ്രദേശത്ത് ഒട്ടേറെ തോട്ടങ്ങളും പറമ്പുകളും കാട് വളർന്ന നിലയിലാണ്. വന്യജീവികൾക്ക് താവളമാക്കാൻ സാഹചര്യം ഒരുക്കുന്ന നിലയിൽ കാടുകൾ വളർന്നത് എത്രയും വേഗം വെട്ടി നീക്കി തെളിക്കണമെന്ന് വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് നിർദേശിച്ചിട്ടുണ്ടന്ന് ബ്ലോക്ക് ഡിവിഷൻ അംഗം നിഷ അലക്സ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തിന്റെ പല ഭാഗങ്ങളിൽ വിദ്യാർഥി ഉൾപ്പെടെ പുലിയെ കണ്ടതായി വിവരം അറിയിക്കുകയും വനപാലകരും നാട്ടുകാരും ചേർന്ന് പരിശോധന നടത്തുകയും ചെയ്തതാണ്. എന്നാൽ, പുലിയാണെന്ന് സ്ഥിരീകരിക്കാനുള്ള വ്യക്തമായ തെളിവുകൾ ലഭിക്കാഞ്ഞതിനാൽ നടപടികൾ സ്വീകരിക്കാൻ തടസമായെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കൊപ്പം പ്രമോദ് നാരായൺ എംഎൽഎയും സ്ഥലം സന്ദർശിച്ചു.
ജാഗ്രതാസമിതി ഇന്ന്
മുക്കൂട്ടുതറ: വെച്ചൂച്ചിറ പഞ്ചായത്തിലെ താന്നിക്കാപ്പുഴ, വാറ്റുകുന്ന്, നെല്ലിശേരിപാറ എന്നിവിടങ്ങളിൽ പുലിയെ കണ്ടതായി വിവരം ലഭിച്ചതിനെത്തുടർന്ന് കൂട് വച്ച് പുലിയെ പിടിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി ഇന്ന് ജാഗ്രതസമിതി ചേരും. ഉച്ചകഴിഞ്ഞ് രണ്ടിന് പഞ്ചായത്ത് ഹാളിലാണ് സമിതി ചേരുക.
പ്രമോദ് നാരായൺ എംഎൽഎ, പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, സംഘടനാ ഭാരവാഹികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.